നിപ: മാഹിയിൽ ജാഗ്രത നിർദേശങ്ങൾ
text_fieldsമാഹി: കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ മാഹി മേഖലക്ക് വളരെ അടുത്തായതിനാൽ, നിപ വൈറസ് വ്യാപനം തടയുന്നതിനും മുൻകരുതൽ നടപടിയായും പൊതുജനങ്ങൾക്ക് മാഹി ഭരണകൂടം ജാഗ്രത നിർദേശങ്ങൾ നൽകി. പൊതുജനങ്ങൾ ഒത്തുചേരലുകളിൽനിന്നും തിരക്കേറിയ സ്ഥലങ്ങളിൽനിന്നും അകന്നുനിൽക്കണം. പൊതുജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്. ചടങ്ങുകൾ, യോഗങ്ങൾ എന്നിവ മാറ്റി വെക്കണം.
അത്യാവശ്യമാണെങ്കിൽ മാത്രം നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നടത്തണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ബീച്ചുകൾ, പാർക്കുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളും മതസ്ഥാപനങ്ങളും സന്ദർശിക്കുന്നവർ മാസ്ക് ധരിക്കുകയും ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുകയും വേണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
നിപ വൈറസ് ഭീതിയിൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെയും യോഗം ചേർന്നു. താലൂക്കിലെ ആറ് പഞ്ചായത്തുകളിൽ നിപ വൈറസ് ബാധയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്.
പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക, അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുക, രോഗലക്ഷണം ഉള്ളവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുകയും ചെയ്യണമെന്ന് യോഗം നിർദേശിച്ചു.
ആർ.ആർ.ടി വളന്റിയർമാരുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫിസർ ഡോ. ഡെയ്സി ഗോരെ, ആർ.എസ്. ഷാജു, രമ്യ കരോടി, പി. ശ്രീധരന്, പ്രദീപ് ചോമ്പാല, അനുഷ ആനന്ദ സദനം, കെ.പി. രവീന്ദ്രൻ, പി.കെ. കാസിം, സാലിം പുനത്തിൽ, റീന രയരോത്ത്, കെ.വി. രാജൻ, മുബാസ് കല്ലേരി, വി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.