ഓവുപാലം തകർന്ന് യാത്രാദുരിതം
text_fieldsന്യൂ മാഹി: ഓവുപാലം തകർന്ന് റോഡിൽ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും നടപടിയില്ലെന്ന് പ്രദേശവാസികൾ. പെരിങ്ങാടി ആറാം വാർഡിൽ മാങ്ങോട്ട് വയൽ പുളിയുള്ളതിൽ പനിച്ചുള്ളതിൽ റോഡിൽ മാങ്ങോട്ടുംകാവ് ക്ഷേത്രത്തിനടുത്താണ് ഓവുപാലം തകർന്ന് കുഴിയുണ്ടായത്.
കൊള്ളുമ്മൽ സ്കൂൾ, വയലക്കണ്ടി ജുമാമസ്ജിദ്, മദ്റസയിലേക്ക് വരുന്ന കുട്ടികൾ, രണ്ട് ക്ഷേത്രങ്ങളിലേക്ക് എത്തുന്ന വിശ്വാസികൾ, അനേകം വാഹനങ്ങൾ എന്നിവ സദാ സമയവും സഞ്ചരിക്കുന്ന റോഡിലെ ദുരിതാവസ്ഥ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാർ.
വർഷങ്ങൾക്കുമുമ്പ് പാകിയ കോൺക്രീറ്റ് പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്. പൈപ്പ് മാറ്റി പകരം ഇരുമ്പ് പൈപ്പ് സ്ഥാപിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് നാട്ടുകാരുടെ പക്ഷം.
അതേസമയം, റോഡ് പൊട്ടിയിട്ടുണ്ടെന്നും പ്രോജക്ട് റിവിഷൻ സമയത്ത് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന അർജുൻ പവിത്രൻ പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രവൃത്തിയാണിത്.
മുൻകാലത്തെപോലെ ഇരുമ്പ് പൈപ്പുകൾ ഇപ്പോൾ ഉപയോഗിക്കാറില്ല. കോൺക്രീറ്റ് പൈപ്പും പ്രായോഗികമല്ല. കോൺക്രീറ്റ് കൽവെർട്ടാണ് നിർമിക്കേണ്ടത്. ജില്ല പഞ്ചായത്ത് അനുമതി നൽകിയാൽ വേറെ ഏതെങ്കിലും പദ്ധതി മാറ്റിവെച്ച് ഈ വർഷം തന്നെ ചെയ്യാൻ കഴിയുമെന്ന് അർജുൻ പവിത്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.