പെട്രോൾ പമ്പിൽനിന്ന് പണവുമായി മുങ്ങിയ ജീവനക്കാരനെ ഡൽഹിയിൽവെച്ച് പിടികൂടി
text_fieldsമാഹി: മാഹിയിൽ പെട്രോൾ പമ്പിൽനിന്ന് പണവുമായി കടന്നുകളഞ്ഞ ജീവനക്കാരനെ മാഹി പൊലീസ് ഡൽഹിയിൽവെച്ച് അറസ്റ്റു ചെയ്തു. മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തിയ വയനാട് നടവയൽ കാരിക്കുന്നേൽ കെ.സി. ഷൈലനെ (ബെണി -51) യാണ് മാഹി സി.ഐ ആർ. ഷൺമുഖവും സംഘവും അറസ്റ്റു ചെയ്തത്.
പലസ്ഥലങ്ങളിലായി ഒളിവിൽ താമസിച്ച ഇയാളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഒക്ടോബർ 27ന് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പമ്പിൽ ജോലിക്കെത്തിയ ആദ്യദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ 1,51,000 രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാഹി പൊലീസ് ഡൽഹിൽ എത്തുകയും ബദൽപൂറിൽ നിന്ന് സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു.
നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ട് പറഞ്ഞു.
മാഹി എസ്.ഐ റെനിൽ കുമാർ, എ.എസ്.ഐ കിഷോർകുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ റോഷിത്ത് പാറേമ്മൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.