ക്ലാസിലെ കളി കാര്യമായി; നാലു വിദ്യാർഥിനികൾക്ക് പരിക്ക്
text_fieldsമാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ തമാശപ്രകടനം അതിര് കടന്നപ്പോൾ, നാല് വിദ്യാർഥിനികൾ പരിക്കേറ്റ് ആശുപത്രിയിൽ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡെസ്കിന്റെ ഇളകിയ മരച്ചട്ട കൊണ്ട് ക്രിക്കറ്റ് കളിച്ച ആൺകുട്ടിയുടെ കൈയിൽ നിന്ന് ബാറ്റ് പിടിവിട്ട് പോയപ്പോൾ അത് വീണത് ക്ലാസിലിരുന്ന നാല് പെൺകുട്ടികളുടെ ദേഹത്തേക്കായിരുന്നു.
തലക്കും നെറ്റിക്കും മുഖത്തുമൊക്കെ പരിക്കേറ്റ പെൺകുട്ടികൾ പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. കുട്ടികൾ വീട്ടിലെത്തിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാഹി ഗവ. ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ബുധനാഴ്ച രാവിലെ വിദ്യാർഥിനികൾ ആശുപത്രി വിട്ടു.
കഴിഞ്ഞ ദിവസം ഇതേ സ്കൂളിലെ കുട്ടികൾ തമ്മിൽ വഴക്കും അടിപിടിയും ഉണ്ടായി. മാഹി മേഖലയിലെ പല വിദ്യാലയങ്ങളിലും അധ്യാപകക്ഷാമം കാരണം ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതായും രക്ഷിതാക്കൾ പറയുന്നു. പുരുഷ അധ്യാപകർ നാമമാത്രമായുമുള്ള വിദ്യാലയങ്ങളിൽ വനിത അധ്യാപികമാർക്ക് വിദ്യാർഥികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. മാഹി ചീഫ് എജുക്കേഷനൽ ഓഫിസറും പി.ടി.എയും ഇടപെട്ട് ഈ പ്രവണതകൾ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.