മാഹിയിൽ റോഡുകൾ നരക പാതകൾ
text_fieldsമാഹി: ഉൾപ്രദേശങ്ങളിലേക്കുള്ള ചെറിയ റോഡുകളിലെ യാത്ര തീർത്തും ദുരിതം. കാൽനടപോലും ദുഷ്കരമാകുന്ന രീതിയിലാണ് റോഡുകൾ തകർന്നിരിക്കുന്നത്. ദേശീയപാതയിൽ ആശുപത്രി കവല മുതൽ പൂഴിത്തല വരെ റോഡിലെ കുഴികളിലൂടെയുള്ള യാത്രയും ദുഷ്കരമാണ്.
മാഹിപ്പാലം -ചൊക്ലി റോഡിൽ വയലക്കണ്ടി ഖുർആൻ കോളജിലേക്കും ഇ.എസ്.ഐ ക്ലിനിക്കിലേക്കും കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിലേക്കുമുള്ള റോഡിന്റെ അവസ്ഥ ശോച്യമാണ്. സമീപത്തുള്ള വീട്ടുകാർ ഇടക്കിടെ റോഡിൽ വെള്ളം തളിച്ചാണ് പൊടിശല്യത്തിൽനിന്ന് രക്ഷനേടുന്നത്.
കമ്യൂണിറ്റി ഹാളിൽനിന്ന് ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന ഇടുങ്ങിയ റോഡിന്റെ ടാറും ഇൻറർലോക്കും പാകിയ ഭാഗത്തെ യാത്ര അപകടം വിളിച്ചു വരുത്തും. ചാലക്കരയിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾ പൂർണമായും തകർന്നതായാണ് നാട്ടുകാരുടെ പരാതി. ചാലക്കര പോളിടെക്നിക് കോളജ് ഭാഗത്തേക്ക് മാഹി ഭാഗത്തുനിന്ന് വരുന്ന ചെറു വാഹനങ്ങൾക്കുള്ള എളുപ്പവഴിയായ എം.എൽ.എ ലിങ്ക് റോഡിലേക്ക് പെട്ടിപ്പാലം വഴി കയറുന്ന ഭാഗമുൾപ്പെടെ തകർന്നിട്ടുണ്ട്. ഇവിടെ താൽക്കാലിക പരിഹാരം എന്ന നിലയിൽ പാകിയ ഇൻറർലോക്ക് കയറ്റംകയറി വരുന്ന വാഹനങ്ങൾക്ക് പ്രയാസമുണ്ടാക്കുകയാണ്.
ലിങ്ക് റോഡിന്റെ മറ്റു ഭാഗങ്ങൾ പൂർണമായും തകർന്നതിനാൽ യാത്ര ദുഷ്കരമാണ്. പോന്തയാട്ട് കോൺഗ്രസ് ഓഫിസ് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ടാറിങ് തകർന്നിരിക്കുകയാണ്. കോളജ് കുന്നിലേക്കുള്ള പെപ്പ് ലൈൻ സ്ഥിരമായി ചോരുന്നത് ഈ റോഡ് തകർച്ചക്ക് ആക്കം കൂട്ടുന്നു. പോളിടെക്നിക്കിന് മുന്നിലൂടെയുള്ള റോഡും തകർന്നു. ഗ്യാസ് ഗോഡൗണിലേക്ക് ഈ വഴി പാചകവാതകത്തിനായി നിരവധി പേരാണ് കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നത്. റോഡിന്റെ ഇരു കൈവഴികളും പൂർണ തകർച്ചയിലാണ്. പുന്നോൽ ഭാഗത്തേക്ക് പോകുന്ന റോഡിന്റെയും ചാലക്കര ശ്രീ നാരായണമഠം ഭാഗത്തേക്കുള്ള റോഡിന്റെയും സ്ഥിതി സമാനമാണ്.
പോളിടെക്നിക്ക് റോഡിൽനിന്ന് സെൻറ് തെരേസ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡ് തകർച്ചക്ക് പുറമെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് റോഡ് പൊളിച്ചത് പൂർവ സ്ഥിതിയിലാക്കാതെ ജല വകുപ്പ് തിരിച്ച് പോയതും യാത്ര ദുസ്സഹമാക്കുന്നുണ്ട്. ചില ഭാഗത്ത് ഓവുചാലില്ലാത്തതിനാൽ വെള്ളം റോഡിൽ തന്നെയാണ് ഒഴുകുന്നത്.
'ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് നവീകരിക്കും'
ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് മാഹി ഭാഗത്തെ മുനിസിപ്പൽ റോഡുകൾ നവീകരിക്കുന്നുണ്ട്. ബാക്കിയുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്ന പ്രകാരം ഗതാഗത യോഗ്യമാക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ പി.വി. അനൂപ് പറഞ്ഞു. നബാർഡിൽ വായ്പക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇതുലഭിക്കുന്ന മുറക്ക് നവീകരണ പ്രവൃത്തികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.