മാഹിയിൽ നാളെ മുതൽ വീണ്ടും സൈറൺ മുഴങ്ങും
text_fieldsമാഹി: പഴയകാല ഓർമകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മാഹി മുനിസിപ്പൽ സൈറൺ. രാവിലെ എട്ടിന് സൈറൺ മുഴങ്ങിയാൽ പിന്നെ ഓഫിസിൽ പോവുന്നവർക്കും വിദ്യാർഥികൾക്കും ജോലിക്ക് പോവുന്നവർക്കും ലക്ഷ്യത്തിലെത്താനുള്ള വെപ്രാളമായിരിക്കും. സമയം നോക്കാൻ വാച്ചും മൊബൈൽ ഫോണും ക്ലോക്കും ഉണ്ടായിട്ടും മുനിസിപ്പൽ സൈറന്റെ പ്രാധാന്യം മാഹിയിൽ ഒട്ടും കുറഞ്ഞിരുന്നില്ല.
മുമ്പ് മുനിസിപ്പൽ ഓഫിസിന്റെ മുന്നിലായിരുന്നു സൈറൺ ഉണ്ടായിരുന്നതെങ്കിൽ പിന്നീടത് പിറകുവശത്തേക്ക് മാറ്റി. മുൻകാലങ്ങളിൽ രാവിലെ ആറിനും എട്ടിനും ഉച്ചക്ക് ഒന്നിനും വൈകീട്ട് ആറിനും രാത്രി ഒമ്പതിനുമായിരുന്നു ഒരു മിനിറ്റ് ദൈർഘ്യമുള്ള സൈറൺ മുഴങ്ങിയിരുന്നത്.
പിന്നീടത് രാവിലെഎട്ടിനും വൈകീട്ട് ആറിനും മാത്രമായി ചുരുങ്ങി. ഇതുകൂടാതെ മാഹി പള്ളി തിരുനാൾ ആരംഭിക്കുന്ന ദിവസവും അവസാനിക്കുന്ന ദിവസവും ശ്രീനാരായണ ഗുരു, ഗാന്ധി സമാധി ദിനങ്ങളിലും റമദാൻ മാസത്തിൽ നോമ്പുതുറ സമയത്തും സൈറൺ മുഴക്കാറുണ്ട്.
കഴിഞ്ഞ ആറുമാസത്തോളമായി സൈറൺ പ്രവർത്തനരഹിതമായിരുന്നു. അതുകാരണം ഇത്തവണ തിരുനാൾ ആരംഭ ദിവസം സൈറൺ മുഴങ്ങിയിരുന്നില്ല. 12 മുതൽ വീണ്ടും സമയമറിയിക്കാൻ സൈറൺ മുഴങ്ങിത്തുടങ്ങുമെന്ന് മുനിസിപ്പൽ കമീഷണർ വി. സുനിൽകുമാർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഈസ്റ്റ് പള്ളൂരിലെ പ്രിയ ഓട്ടോകെയർ ആൻഡ് ജനറേറ്റർ വർക്സ് ഗ്രൂപ്പാണ് നിലച്ചുപോയ സൈറണ് വീണ്ടും ജീവൻ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.