യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർഥി മാഹിയിൽ തിരിച്ചെത്തി
text_fieldsമാഹി: റഷ്യൻ അധിനിവേശത്തിനിടെ യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥി മാഹിയിൽ സുരക്ഷിതനായി തിരിച്ചെത്തി. മാഹി ഈസ്റ്റ് പള്ളൂർ കുറൂൾ അൽ ഫജറിലെ അബ്ദുൽ നാസർ-റംല ദമ്പതികളുടെ മകൻ ഫജർ പർവ്വീസ് യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ഫെബ്രവരി 24ന് യുദ്ധം തുടങ്ങി അഞ്ചാം ദിനം യുക്രെയ്‌നിലെ കീവിൽ നിന്ന് യാത്ര തിരിച്ച 17 വിദ്യാർഥികളടങ്ങിയ സംഘത്തിലാണ് ഫജർ സ്ലോവാക്യാ അതിർത്തിയിലേക്ക് തിരിച്ചത്. മൈനസ് അഞ്ച് ഡിഗ്രി വരെ തണുപ്പിൽ ഐസ് പെയ്യുന്ന കാലാവസ്ഥയിൽ മുഴു ദിവസം കാത്തിരിക്കേണ്ട അനുഭവം മറക്കാനാവാത്തതാണെന്ന് ഫജർ പറഞ്ഞു.
താമസിച്ചിരുന്ന ഹോസ്റ്റലിന്ന് താഴെ തന്നെ സുരക്ഷിതമായി കഴിയാനുള്ള ബങ്കറുകൾ ഉണ്ടായിരുന്നു. ഭൂമി കുലുക്കം പോലുള്ള ഘട്ടങ്ങളിൽ ഉപയോഗിക്കാൻ നിർമിച്ചവയായിരുന്നു അവ. എഴുന്നൂറോളം വരുന്ന വിദ്യാർഥികളെ പല ഗ്രൂപ്പുകളാക്കി വിവിധ രാജ്യങ്ങൾ വഴിയാണ് രക്ഷപ്പെടുത്തിയത്.
എൻജിനിയറിങ് ബിരുദധാരിയായ ഫജറിന്റെ സഹോദരി ഇപ്പോൾ കുടുംബ സമേതം ഗൾഫിൽ ജോലിചെയ്യുകയാണ്. രമേശ് പറമ്പത്ത് എം.എൽ.എ, കെ. മോഹനൻ, കെ. സുരേഷ്, മുനവ്വർ എന്നിവർ ഫജറിനെ സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.