മാഹിയിൽ പരസ്യപ്രചാരണം നാളെ സമാപിക്കും
text_fieldsമാഹി: മാഹിയിൽ കോൺഗ്രസുമായി ജഗഡ ജഗഡയെങ്കിൽ പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗത്തെയാണ് പിന്തുണക്കുന്നതെന്ന നിലപാടുമായി സി.പി.എം. പുതുച്ചേരി ലോക്സഭാമണ്ഡലത്തിൽ 19ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ - സംസ്ഥാന രാഷ്ട്രീയ പാർട്ടികളിലെ ഏഴ് പേരും സ്വതന്ത്രരായി 19 പേരുമാണ് ജനവിധി തേടുന്നത്. സ്ഥാനാർഥികളിൽ മൂന്ന് പേർ വനിതകളാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായാണ് പുതുച്ചേരിയെ വിലയിരുത്തുന്നത്.
സിറ്റിങ് എം.പി വി. വൈദ്യലിംഗം (കോൺഗ്രസ്), ജി. തമിഴ് വേന്ദൻ (എ.ഐ.എ.ഡി.എം.കെ), എ. നമശിവായം (ബി.ജെ.പി) എന്നിവർ തമ്മിലാണ് ബലപരീക്ഷണം. മാഹിയൊഴികെ മറ്റ് നിയമസഭ മണ്ഡലങ്ങളിൽ സി.പി.എം കോൺഗ്രസിന് പിന്തുണ നൽകുമ്പോൾ മാഹിയിൽ യുനൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ബാനറിൽ മത്സരിക്കുന്ന കെ. പ്രഭുദേവനെയാണ് തുണക്കുക.
ധാരണപ്രകാരം തമിഴ്നാട്ടിലെ രാഷ്ട്രീയ സഖ്യത്തെ പിന്തുടരുന്ന വിടുതലൈകക്ഷി സഖ്യ സ്ഥാനാർഥിയായ കോൺഗ്രസിലെ വി. വൈദ്യലിംഗത്തിനൊപ്പം നിൽകേണ്ടതാണെങ്കിലും വ്യക്തമായ നിലപാട് എടുക്കാൻ കഴിയാതെയുള്ള അവസ്ഥയിലാണ് മാഹിയിലെ സി.പി.എം ത്രിശങ്കുവിലായ ഈ അവസ്ഥക്ക് കാരണമായത്. മാഹി ഘടകം കണ്ണൂർ ജില്ല കമ്മിറ്റിക്ക് കീഴിലായതാണ്.
കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം കക്ഷികളാണ് പുതുച്ചേരിയിൽ വിടുതലൈകക്ഷി സംഖ്യത്തിലുള്ളത്. അവിടെ മുഖ്യ എതിരാളികൾ എൻ.ഡി.എയിലെ ബി.ജെ.പിയും. പുതുച്ചേരിയിലെ സംഖ്യത്തോടൊപ്പം നിന്ന് കോൺഗ്രസ് സ്ഥാനാർഥിക്കായി മാഹിയിൽ സി.പി.എം വോട്ട് പിടിക്കാനിറങ്ങിയാൽ കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
കഴിഞ്ഞ മാഹി നിയമസഭ മണ്ഡല തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മത്സരിച്ച എൻ. ഹരിദാസിന് 9,444 (40 ശതമാനം) വോട്ട് ലഭിച്ചിട്ടുണ്ട്. 300 വോട്ടുകൾ അധികം നേടിയാണ് കോൺഗ്രസിലെ രമേശ് പറമ്പത്ത് എം.എൽ.എയായത്.
പുതുച്ചേരിയിലെ യാനം, മാഹി, പുതുച്ചേരി, കാരയ്ക്കാൽ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതുച്ചേരി ലോകസഭ മണ്ഡലം. തമിഴ്നാടിനൊപ്പം 19നാണ് പുതുച്ചേരിയിലും വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.