മാഹിപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നിവേദനം നൽകി
text_fieldsപുതുച്ചേരി: മാഹിപ്പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പുതുച്ചേരി എം.പി വി. വൈദ്യലിംഗം നിവേദനം നൽകി. ദേശീയപാത 66ലൂടെ കടന്നുപോകുന്ന മാഹിയിൽ കുണ്ടും കുഴിയും നിറഞ്ഞ പാലത്തിന് മുകളിലൂടെയുള്ള യാത്ര ദുഷ്കരമാണ്.
ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയപടിയാവും. ഇക്കാരണത്താൽ മാഹിയിലും ന്യൂമാഹിയിലും രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവാണ്.
വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പുതിയ പാലത്തിനായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പുതുച്ചേരി ലോകസഭ എം.പി. വി. വൈദ്യലിംഗം നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ കമീഷൻ ചെയ്യാൻ സാധ്യതയുള്ള മാഹി -മുഴപ്പിലങ്ങാട് ബൈപാസ് മാഹിയിൽ നിന്ന് ഏകദേശം നാല് കി.മീറ്റർ അകലെയുള്ള പള്ളൂരിലൂടെയാണ് കടന്നുപോകുന്നത്.
1971ൽ പാലത്തിന്റെ തൂണുകൾ നിലനിർത്തി ഗർഡറുകൾ മാറ്റി മുകളിലെ പാലം പുനർനിർമിച്ചു. മാഹിപ്പാലം ബലപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ, പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
ശോച്യാവസ്ഥയിൽ പാലം എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്ന ആശങ്കയുണ്ട്. വടക്കേ മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും ബിസിനസ് കേന്ദ്രവുമായ മാഹിയിലേക്ക് വടക്ക് ഭാഗത്ത് നിന്നുള്ള ഏക പ്രവേശനമാർഗവും ഈ പാലമാണ്. നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്.
അതോടൊപ്പം സ്വാതന്ത്ര്യസമരകാലം മുതൽ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലം ബലപ്പെടുത്തി ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പാലം ബലപ്പെടുത്തുന്നതിനും സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.