യാത്ര ഇനി 12 നാളുകൾക്കുശേഷം; മാഹിപ്പാലം ഇന്ന് അടക്കും
text_fieldsമാഹി: കണ്ണൂർ ജില്ലയിൽനിന്ന് മാഹിയിലേക്ക് പ്രവേശിക്കുന്ന മാഹിപ്പാലം അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച മുതൽ മേയ് 10 വരെ അടച്ചിടും. ബലക്ഷയം നേരിടുന്ന പാലം പൂർണമായും അടച്ചിടും. ദേശീയപാത 66ലൂടെയുള്ള യാത്രക്കാർ 12 ദിവസത്തേക്ക് മാഹി ബൈപാസ് വഴിയും അനുബന്ധ റോഡുകൾ വഴിയും സഞ്ചരിക്കണം. 1933ലാണ് പാലം നിർമിച്ചത്. 1971ൽ പാലത്തിന്റെ തൂൺ നിലനിർത്തി മുകൾഭാഗത്ത് പാലം മാത്രം നിർമിച്ചു.
2003ലും 2005ലും അടിഭാഗത്ത് ഗണൈറ്റിങ് പ്രവൃത്തിയും നടത്തി. 2013 ആഗസ്റ്റ് 22ന് കേരള പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ബലക്ഷയ പരിശോധന നടത്തി റിപ്പോർട്ട് നൽകി. 2016 ജൂൺ 19ന് രണ്ടാഴ്ച പാലം അടച്ച് മേൽഭാഗത്ത് സ്ലാബുകളിലെ വിടവുകൾ സ്ട്രിപ് സീൽ സംവിധാനത്തിലൂടെ നികത്തി ബലപ്പെടുത്തിയിരുന്നു.
പുതുച്ചേരി സർക്കാറിന്റെ താൽപര്യത്തെ തുടർന്ന് 2004ൽ മാഹി പി.ഡബ്ല്യു.ഡി സ്കെച്ച് തയാറാക്കുകയും പാലത്തിന്റെ ഇരുവശങ്ങളിലും അക്വയർ ചെയ്യേണ്ട ഭൂമിയുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറുകയും ചെയ്തു. 10.5 മീറ്റർ വീതിയും 125 മീറ്റർ നീളവുമുള്ള പാലമാണ് വിഭാവനം ചെയ്തിരുന്നത്.
ഒന്നര മീറ്റർ വീതം നടപ്പാതയും ഏഴര മീറ്റർ വീതിയുള്ള റോഡുമായിരുന്നു നിശ്ചയിച്ചത്. 2015 ആഗസ്റ്റ് അഞ്ചിന് മാഹി ഭാഗത്ത് അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാൻ പരിശോധനയും നടന്നു. ന്യൂമാഹിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് മുതൽ മുണ്ടോക്ക് കവലയിൽ എത്തുന്ന രീതിയിലായിരുന്നു പുതിയ പാലത്തിന്റെ രൂപരേഖ.പുതിയ പാലം സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള മണ്ണു പരിശോധന നടന്നെങ്കിലും പിന്നീട് തുടർനടപടികളുണ്ടായില്ല.
മാഹിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച മുതൽ വേനലവധി പ്രഖ്യാപിച്ചതിനാൽ പള്ളൂർ, പന്തക്കൽ ഭാഗങ്ങളിൽനിന്ന് മാഹിയിലെ വിദ്യാലയങ്ങളിലും തിരിച്ചും പഠിക്കാനായി എത്തേണ്ടവർക്കും പ്രയാസമുണ്ടാകില്ല.മാഹിയിലെ വ്യാപാരികൾക്ക് വ്യാപാര നഷ്ടമുണ്ടാവുമെങ്കിലും പാലം ബലപ്പെടുത്തേണ്ടത് പൊതു ആവശ്യമായതിനാൽ തീരുമാനം സ്വാഗതം ചെയ്യുന്നതായി വ്യാപാരി വ്യവസായി ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാർ അറിയിച്ചു.
പാലം പൂർണമായും അടച്ചിടുന്ന വേളയിൽ പി.ടി.ഡി.സിയുടെ ബോട്ട് സർവിസ് ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ നഗരസഭ കൗൺസിലർ സത്യൻ കേളോത്ത് ഈ ആവശ്യമുന്നയിച്ച് ആർ.എക്ക് നിവേദനം നൽകി. പി.ഡബ്ല്യു.ഡി എൻ.എച്ച് സബ് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക. എൻ.എച്ച്.എ.ഐയുടെ ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
വാഹനങ്ങൾ ഈ വഴി പോകണം
വടകരയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് മോന്താൽ പാലം വഴിയും കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങൾ ചൊക്ലി -മേക്കുന്ന്-മോന്താൽ പാലം വഴിയോ മാഹിപാലത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി-മോന്താൽ പാലം വഴിയോ പോകണം.
ഓർഡിനറി ബസുകൾ തലശ്ശേരിയിൽനിന്ന് മാഹിപ്പാലം വരെയും വടകര ഭാഗത്തുനിന്നുള്ള ബസുകൾ മാഹിപ്പള്ളി വരെയും സർവിസ് നടത്തുമെന്നാണ് അറിയുന്നത്. ദീർഘദൂര ബസുകൾ ബൈപാസ് വഴി സർവിസ് നടത്തുമ്പോൾ തലശ്ശേരി ബസ് സ്റ്റാൻഡിൽ എത്തുന്നതിന് സമയം ലഭിക്കില്ലെന്ന ആശങ്കയുണ്ട്. ടോൾ നൽകേണ്ടിവരുകയും ചെയ്യും. ടോൾ ബൂത്ത് എത്തുന്നതിനുമുമ്പേ ബൈപാസിലൂടെ തലശ്ശേരിയിലേക്ക് പോവുകയാണെങ്കിൽ ടോൾ നൽകാതെയും യാത്ര ചെയ്യാം.
വീതികുറഞ്ഞ ഈ റോഡിലൂടെയുള്ള യാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതും ആശങ്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.