ഭണ്ഡാരം കവർച്ച; പ്രതി മാഹി പൊലീസ് പിടിയിൽ
text_fieldsമാഹി: ചൂടിക്കൊട്ട മണ്ടോള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച നടത്തിയ പ്രതിയെ മാഹി പൊലീസ് പിടികൂടി. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 600 രൂപ കവർച്ച ചെയ്യുകയും 8000 രൂപയോളം വിലവരുന്ന സി.സി.ടി.വിയും അനുബന്ധ സാധനങ്ങളും ഇളക്കിയെടുത്ത് സമീപത്തെ പൊതുകിണറ്റിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു. 15ന് രാത്രിയിൽ നടത്തിയ മോഷണക്കേസിലെ പ്രതിയെ തിങ്കളാഴ്ച രാവിലെ ആറിനാണ് മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് മാഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെയാണ് പ്രതി കോഴിക്കോട് ചീക്കിലോട് സ്വദേശി അർഷാദിനെ (38) മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടിയത്. പഴയ സാധനങ്ങൾ പെറുക്കി വിറ്റ് സ്ഥിരമായി മദ്യപിക്കുന്നയാളാണ് പ്രതി. ഇയാൾക്കെതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനിൽ ഭവന ഭേദനം, മോഷണം ഉൾപ്പെടെ 10 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാഹി പൊലീസ് ഇൻസ്പെക്ടർ എ. ശേഖർ പറഞ്ഞു.
സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ്, അസി. സബ് ഇൻസ്പെക്ടർമാരായ കിഷോർ കുമാർ, പി.വി. പ്രസാദ്, എം. സരോഷ്, സതീശൻ, കോൺസ്റ്റബിൾമാരായ ശ്രീജേഷ്, സുഷ്മേഷ്, വിജയകുമാർ, നിഷിത്ത്, ഹോം ഗാർഡുമാരായ പ്രവീൺ, അഭിലാഷ്, ത്രിവിൻ രാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് തൊണ്ടിമുതൽ സഹിതം പ്രതിയെ പിടികൂടിയത്. പ്രതിയെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.