മാഹിയിൽ 16ന് വ്യാപാരബന്ദ്
text_fieldsമാഹി: നഗരസഭയിൽ സ്ഥിരം കമീഷണറെ നിയമിക്കാത്തതിലും യൂസർ ഫീയുടെ പേരിൽ നടത്തുന്ന കൊള്ളയിലും പ്രതിഷേധിച്ച് മാഹിയിൽ 16ന് വ്യാപാരബന്ദ് നടത്തുമെന്ന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്തസമ്മേളത്തിൽ അറിയിച്ചു.
ലൈസൻസ് പുതുക്കാൻ വ്യാപാരികൾ നഗരസഭയിൽ എത്തുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിൽ ആയിരിക്കും. ഇതുവരെയായിട്ടും നൽകാത്ത കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും വ്യാപാര ലൈസൻസുകൾ വ്യാപാരികൾക്ക് നൽകണം. ജനനമരണ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ പൊതുജനങ്ങൾക്ക് നൽകാൻ കമീഷണറുടെ അഭാവത്തിൽ നഗരസഭക്ക് കഴിയുന്നില്ല.
അതിനാൽ നഗരസഭയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കണം. ബൈപാസ് തുറന്നതോടെ മാഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവായെങ്കിലും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് വാഹനം പാർക്ക് ചെയ്യാൻ സൗകര്യങ്ങൾ ഇല്ല. അതിനാൽ മാഹി മൈതാനം, ഫിഷറീസ് കോമ്പൗണ്ട്, ഹാർബർ റോഡ് എന്നിവിടങ്ങൾ വാഹന പാർക്കിങ്ങിന് വേണ്ടി തുറന്ന് കൊടുക്കണം. വ്യാപാരികൾ നേരിടുന്ന ഇത്തരം പ്രയാസങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് വ്യാപാരബന്ദ് നടത്തുന്നത്.
മാഹിയിൽ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഭരണ കൂടം മുൻകൈ എടുക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. സിനിമാ നിർമാതാക്കൾ മാഹിയിലെത്തുമ്പോൾ 25,000 രൂപയാണ് ദിനേന ഈടാക്കുന്നത്. 100 ഓളം ആളുകൾ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മാഹി മേഖലയിൽ എത്തുമ്പോൾ അവരുടെ ആവശ്യങ്ങൾക്കായി മാഹിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വരുമാനം കിട്ടുന്നത് ഭീമമായ ഫീസ് പേടിച്ച് സിനിമ നിർമാതാക്കൾ മാഹിയെ ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോവുന്നതായാണ് കാണുന്നതെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
ഭാരവാഹികളായ ഷാജു കാനം, ഷാജി പിണക്കാട്ട് കെ.കെ. ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.