അപകടാവസ്ഥയിലായ മരക്കൊമ്പ് മുറിഞ്ഞു വീണു; നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsമാഹി : മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ ആൽമരത്തിന്റെ ശിഖരം പൊട്ടിവീഴാനിടയാക്കിയത് അധികൃതരുടെ നിസ്സംഗത മൂലമെന്ന് പരാതി.ബുധനാഴ്ച വൈകീട്ട് 4.45 ഓടെയാണ് മരത്തിന്റെ വലിയ ശിഖരം മുറിഞ്ഞു വീണത്.
നിരവധിയാളുകൾ വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന ഭാഗമാണ് ഇത്. മുറിഞ്ഞു വീണ മരക്കൊമ്പിന് താഴെയുള്ള തട്ടുക്കട അവധിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. മൂന്ന് സ്ത്രീകൾ നടത്തുന്ന തട്ടുകടയിൽ സാധാരണ നിരവധി ആളുകൾ ചായ കുടിക്കാനെത്താറുണ്ട്.
തൊട്ടടുത്തുള്ള ലോട്ടറി സ്റ്റാളിലും ഈ സമയം ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. മരത്തിന്റെ കീഴിലുണ്ടായിരുന്ന ഏതാനും ആളുകൾകൊമ്പ് മുറിയുന്ന ശബ്ദം കേട്ട് ഓടിമാറുയായിരുന്നു.
നിരവധി ജനങ്ങളും സ്കൂൾ ബസുകളും സഞ്ചരിക്കുന്ന റോഡാണിത്. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നു. ഏറ്റവുമൊടുവിൽ ഒരു മാസം മുമ്പ് നാട്ടുകാർ ഒപ്പ് ശേഖരണവും നടത്തി പഞ്ചായത്ത് ഓഫിസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെന്നും ഉടൻ പരിഹാരമുണ്ടാവുമെന്നും പഞ്ചായത്ത് അംഗം ഫിറോസ് കാളാണ്ടി പറഞ്ഞു. നാളെ രാവിലെ 10ന് പ്രദേശവാസികൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പ്രതിഷേധവുമായി അഴിയൂർ പഞ്ചായത്ത് ഓഫിസിനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.