ചാലക്കരപൊയിൽ റോഡിൽ യാത്ര ചെയ്യാൻ സാഹസികത വേണം
text_fieldsമാഹി: ചാലക്കര പി.എം.ടി ഷെഡ് ബസ് സ്റ്റോപ്പിന് പടിഞ്ഞാറുഭാഗത്തെ പൊയിൽ റോഡിലൂടെ മഴക്കാലത്ത് യാത്ര ചെയ്യാൻ അൽപം ധൈര്യവും സാഹസികതയുമൊക്കെ കാണിക്കണം. എന്നാലും വസ്ത്രം നനഞ്ഞ് ചളിയും പുരണ്ട് മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയൂ. ഒട്ടേറെ പേർ നിരന്തരം യാത്ര ചെയ്യുന്ന റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെന്നാണ് പ്രദേശവാസികൾ പറയുന്നത്. രണ്ടു മണിക്കൂർ നിർത്താതെ മഴ പെയ്താൽ റോഡുകളിൽ മുട്ടോളം ചളിവെള്ളം കെട്ടിക്കിടക്കും. ശാസ്ത്രീയമായ ഓവുചാലും റോഡ് മണ്ണിട്ട് ഉയരം കൂട്ടലും നടത്തിയാൽ ഒരു പരിധിവരെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയും.
ചാലക്കര ഡെന്റൽ കോളജ് സ്ഥിതി ചെയ്യുന്ന കോഴിക്കുന്ന്, മാഹി കോളജുള്ള പോന്തയാട്ട് കുന്ന്, ചെമ്പ്രകുന്ന്, പുതുക്കുടി കുന്ന് എന്നിവിടങ്ങളിൽനിന്ന് താഴ്ന്ന പ്രദേശമായ ചാലക്കര വയൽ ഭാഗത്തേക്ക് കുത്തിയൊലിച്ചെത്തുന്ന വെള്ളമാണ് നാട്ടുകാർക്ക് വില്ലനാവുന്നത്. പരിസരത്തുള്ള വലിയ സ്ഥാപനത്തിൽനിന്ന് മാലിന്യങ്ങളടങ്ങിയ വസ്തുക്കൾ കുത്തിയൊലിക്കുന്ന വെള്ളത്തിൽ കലർത്തിവിടുന്നതായി നാട്ടുകാർ ആരോപിച്ചു.
മാഹി അഡ്മിനിസ്ട്രേഷൻ തലശേരി നഗരസഭയുടെ സഹായത്തോടെ ചാലക്കര വയലിലൂടെയുള്ള കനാൽ വഴി കുന്നുകളിൽനിന്ന് കുത്തിയൊലിക്കുന്ന വെള്ളം പെട്ടിപ്പാലത്ത് എത്തിച്ച് കടലിലേക്ക് ഒഴുക്കിവിട്ടാൽ ഇതിന് ശാശ്വത പരിഹാരമാവുമെന്ന് ഇതിനായി രൂപവത്കരിച്ച കമ്മിറ്റി ഭാരവാഹി പറഞ്ഞു. സമീപത്തുള്ള വലിയ കുളത്തിലെ നീരൊഴുക്കും വേനൽ കനക്കുന്നതുവരെ ഉണ്ടാവും. കേന്ദ്രീയ വിദ്യാലയം, സെന്റ് തെരേസ ഹൈസ്കൂൾ, കീഴന്തൂർ ക്ഷേത്രം, ചെമ്പ്ര, പള്ളൂർ എന്നിവിടങ്ങളിലേക്കുള്ള റോഡു കൂടിയാണിത്. സമീപത്തെ ഫ്ലാറ്റിലെ താമസക്കാർക്കും മഴ കനത്താൽ പുറത്തുപോകാൻ കഴിയില്ല.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ദിവസം പരിസരവാസികളായ 150 പേർ ഒപ്പിട്ട നിവേദനം പൊതുമരാമത്ത്, നഗരസഭ കമീഷണർ എന്നിവർക്ക് നൽകി. അനുകൂല നടപടികൾക്കായി കാത്തിരിക്കുകയാണ് നാട്ടുകാരും യാത്രക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.