തദ്ദേശീയ മലമ്പനി കേസുകൾ; 25 ഡിവിഷനുകളെ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
text_fieldsകണ്ണൂർ: കോർപറേഷൻ പരിധിയിൽ തദ്ദേശീയ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മലമ്പനി പ്രതിരോധം ഊർജിതമാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെയും കണ്ണൂർ കോർപറേഷന്റെയും സംയുക്ത യോഗം കോർപറേഷൻ ഹാളിൽ ചേർന്നു.
നിലവിൽ കോർപറേഷൻ പരിധിയിൽ അഞ്ച് തദ്ദേശീയ മലമ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 12 ഡിവിഷനുകളിൽ കൊതുക് സാന്ദ്രത വളരെയധികം കൂടുതലാണ്. 25 ഡിവിഷനുകളെ കണ്ടൈയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 42 മുതൽ 53 വരെയുള്ള ഡിവിഷനുകളിൽ മലമ്പനി പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഡിവിഷൻ 48 ൽ മൂന്നും 50 ൽ രണ്ടും തദ്ദേശീയ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടൈയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
കണ്ടൈയ്ൻമെന്റ് സോണുകൾ ആകെ 25 ഡിവിഷനുകളാണ്. പഴയ മുനിസിപ്പൽ കോർപറേഷൻ :ഡിവിഷൻ 42 മുതൽ 53 വരെ, പള്ളിക്കുന്ന് സോൺ :ഒന്നും രണ്ടും മൂന്നും ഭാഗികം, അഞ്ച്, 54, 55, പുഴാതി സോൺ :ആറ്, 10 ഭാഗികം, 11,12 ഭാഗികം. എളയാവൂർ സോൺ: 25ഉം 26 ഉം 27 ഉം ഭാഗികം.
കണ്ടൈയ്ൻമെന്റ് സോണിലുള്ള പനിയുള്ളവരെ മലമ്പനി പരിശോധനക്ക് വിധേയമാക്കാനും മുഴുവൻ അതിഥി തൊഴിലാളികളെയും മലമ്പനി പരിശോധന നടത്തുന്നതിനും തൊഴിൽ വകുപ്പിന്റെ സഹായം തേടും. കെട്ടിട നിർമാണ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഇല്ലാതിരിക്കാൻ നടപടി സംയുക്തമായി സ്വീകരിക്കും. ഹോട്ടലുകൾ ലോഡ്ജുകൾ എന്നിവിടങ്ങളിൽ എല്ലാ മുറികളും കൊതുക് കടക്കാത്ത വിധം സുരക്ഷിതമാക്കുന്നതിന് നിർദേശം നൽകും. മലമ്പനി പ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ തയാറാക്കും.
കണ്ണൂർ കോർപറേഷൻ ഹാളിൽ ചേർന്ന യോഗം മേയർ മുസ് ലിഹ് മഠത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. രാജേഷ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷമീമ എന്നിവർ സംസാരിച്ചു. വിവിധ ഡിവിഷനുകളിലെ കൗൺസിലർമാർ, കോർപറേഷൻ ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജില്ല മെഡിക്കൽ ഓഫിസറെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ സംസാരിച്ചു.
ജില്ല വി.ബി.ഡി കൺട്രോൾ ഓഫിസർ ഡോ. കെ.കെ. ഷിനി മലമ്പനി പ്രതിരോധ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ടി. സുധീഷ്, ബയോളജിസ്റ്റ് സി.പി. രമേശൻ, വിവിധ ഡിവിഷനുകളിലെ ആരോഗ്യ വിഭാഗം, വി.ബി.ഡി നിയന്ത്രണ വിഭാഗം ജീവനക്കാർ എന്നിവരും ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കിണറുകൾ, ടാങ്കുകൾ മുതലായ വലയിട്ട് സുരക്ഷിതമാക്കുക
എല്ലാ ഡിവിഷനുകളിലും കൂത്താടി നശീകരണ പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തുക.
വ്യക്തിഗത സുരക്ഷ മാർഗമായി ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.
കൊതുക് നശീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.