ഇനി മലയാളി നയിക്കും; അമേരിക്കൻ സ്റ്റേറ്റ് ഐ.ടിയെ
text_fieldsശ്രീകണ്ഠപുരം: അമേരിക്കയുടെ ഐ.ടി വകുപ്പിൽ നിർണായക സ്ഥാനത്ത് കണ്ണൂർ നടുവിൽ സ്വദേശി. യു.എസിലെ ടെക്സസിൽ പുതുതായി രൂപവത്കരിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്സ് സെൻറർ ഓഫ് എക്സലൻസിനെയും സ്റ്റേറ്റ് എൻറർപ്രൈസ് ഐ.ടി സൊലൂഷൻ സർവിസസിനെയുമാണ് ഇനി കണ്ണൂരുകാരൻ നയിക്കുക. കണ്ണൂർ നടുവിൽ സ്വദേശി വി.ഇ. കൃഷ്ണകുമാറാണ് ഈ പദവിയിലെത്തിയ മലയാളി. സ്റ്റേറ്റ് ഐ.ടി ഇന്നവേഷൻ വക്താവായും ഇദ്ദേഹം പ്രവർത്തിക്കും.
181 ടെക്സസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന വിവര സാങ്കേതികവിദ്യ എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്തം. ക്ലൗഡ് കമ്പ്യൂട്ടിങ് രംഗത്ത് ടെക്സസ് കുതിപ്പിനു പിന്നിലെ പ്രവർത്തനമികവാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ നയിക്കാനും ഇദ്ദേഹത്തെ നിയുക്തനാക്കിയത്. സർക്കാർ ഡിജിറ്റൽ സേവനങ്ങൾ അതിവേഗം ടെക്സസിലെ ജനങ്ങളിലെത്തിക്കുകയും പദ്ധതിച്ചെലവുകൾ കുറക്കുകയുമാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ബോസ്റ്റണിലെ എം.ഐ.ടിയിൽനിന്ന് എക്സിക്യൂട്ടിവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൽട്ടിങ് ഭീമന്മാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയയിൽ സി.ഇ.ഒ, സിലിക്കൺവാലിയിൽ ടായിയുടെ േഗ്ലാബൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകനായും സംരംഭകനായും മികവു തെളിയിച്ചശേഷം 2005ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു.
നടുവിൽ എൽ.പി സ്കൂൾ, കഴക്കൂട്ടം സൈനിക് സ്കൂൾ, തളിപ്പറമ്പ് സർ സയ്യിദ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നടുവിൽ ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കെ.പി. കേശവെൻറയും റിട്ട. പ്രധാനാധ്യാപിക വി.ഇ. രുഗ്മിണിയുടെയും മകനാണ്. സോഫ്റ്റ്വെയർ എൻജിനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപധുമാണ് മക്കൾ. 21 വർഷം മുമ്പ് അമേരിക്കയിലെത്തിയ കൃഷ്ണകുമാർ ടെക്സസിലെ ആസ്റ്റിനിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.