ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികളുടെ പെടാപ്പാട്
text_fieldsകണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തി കുടുംബത്തിനൊപ്പം ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഇത്തവണയും മലയാളികൾക്ക് ചെലവേറും. ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റുകളൊന്നും ലഭ്യമല്ല. സ്ലീപ്പർ, എ.സി ടിക്കറ്റുകൾ വൻ വെയ്റ്റിങ് ലിസ്റ്റിലാണ്.
ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾക്ക് നൂറിലേറെയാണ് വെയ്റ്റിങ് ലിസ്റ്റ്. മലബാറുകാർക്ക് ആശ്വാസമായ കണ്ണൂർ-ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് എന്നീ വണ്ടികളിൽ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ്. ചെന്നൈ നിന്നുള്ള അവസ്ഥയും ഇതുതന്നെ.
എ.സി ടിക്കറ്റടക്കം നൂറിലേറെ വെയ്റ്റിങ്. അവധി മുതലെടുക്കാനായി ബസ്, ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളിൽ ഇരട്ടിയോളം വർധനയാണ്. സാധാരണ ദിവസങ്ങളിൽ ബംഗളൂരു-കണ്ണൂർ ടിക്കറ്റ് നിരക്ക് 800 മുതൽ 1000 രൂപ വരെയാണ്. സ്ലീപ്പർ ബസുകളിൽ 1200 വരെയാണ് നിരക്ക്. ക്രിസ്മസ് അവധിക്ക് ഈ നിരക്കുകൾ ഇരട്ടിയിലേറെ വർധിച്ചു.
വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരും അടക്കം വടക്കൻ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിന് മലയാളികളുള്ള ബംഗളൂരു നഗരത്തിലേക്കും തിരിച്ച് നാട്ടിലെത്താനും രണ്ട് ട്രെയിനുകളും ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് ആശ്രയം. സ്വകാര്യ ബസുകൾ ആവശ്യത്തിന് സർവിസ് നടത്തുന്നുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ രണ്ടും മൂന്നും ഇരട്ടിയായിരിക്കും ടിക്കറ്റ് നിരക്ക്.
അൺറിസർവ്ഡ് ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരാമെന്ന് കരുതിയാൽ രണ്ടും മൂന്നും ജനറൽ കമ്പാർട്ട്മെന്റുകൾ മാത്രമാണ് ട്രെയിനുകൾക്ക് ഉള്ളത്. തിരക്കുമൂലം പ്രായമായവർക്കും കുട്ടികൾക്കും കയറാനാവില്ല. മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായില്ല.
ട്രെയിൻ കോഴിക്കോടുവരെ നീട്ടുമെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ ഉറപ്പുണ്ടായിട്ടും തലശ്ശേരി, വടകര മേഖലയിലെ യാത്രക്കാരുടെ പ്രതീക്ഷ തകർത്താണ് ഈ തീരുമാനം അട്ടിമറിക്കപ്പെട്ടത്.
ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് 8,000 മുതൽ 10,000 വരെയാണ്. ട്രെയിൻ ടിക്കറ്റ് കിട്ടാത്തതും ഫ്ലൈറ്റിന്റെയും ബസിന്റെയും ഉയർന്ന നിരക്കുംമൂലം എങ്ങനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ് യാത്രക്കാർ. സ്വന്തമായി വാഹനങ്ങൾ ഉള്ളവർ വലിയ തുകക്ക് ഇന്ധനം നിറച്ച് നാടുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, സ്വകാര്യ വാഹനങ്ങളില്ലാത്തവർ ബസ് ലോബി തീരുമാനിക്കുന്ന തുക നൽകി ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തേണ്ട ദുരവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.