മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ അംഗീകാരം; 19.40 ലക്ഷം രൂപ ഗ്രാൻറ്
text_fieldsകണ്ണൂർ: മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിെൻറ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്ട്ടിഫിക്കേഷന് (എന്‍.ക്യു.എ.എസ്) അംഗീകാരം. മികച്ച പ്രവര്‍ത്തനത്തിനാണ് അംഗീകാരം. ഇതിെൻറ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാൻറായി ലഭിക്കും.
രോഗികള്‍ക്ക് ഒരുക്കിയ സേവനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണിത്. ആശുപത്രിയിലെ 14 ഡിപാര്ട്ട്മെൻറുകളാണ് കേന്ദ്രസംഘം പരിശോധിച്ചത്. ഇതില്‍ ലക്ഷ്യ സര്ട്ടിഫിക്കേഷന് പ്രകാരം തയാറാക്കിയ ലേബര്‍ റൂം, ഓപറേഷന് തിയറ്റര്‍ എന്നിവ ഉള്‍പ്പെടും. എന്‍.ക്യു.എ.എസിെൻറ ഭാഗമായി 94 ശതമാനം മാര്‍ക്കാണ് സ്ഥാപനം കരസ്ഥമാക്കിയത്. ലക്ഷ്യ സര്‍ട്ടിഫിക്കേഷനില്‍ പ്രസവ മുറിക്ക് 99 ശതമാനവും പ്രസവ ശസ്ത്രക്രിയ തിയറ്ററിന് 95 ശതമാനം മാര്‍ക്കും ലഭിച്ചു. ഈ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്രസംഘം പരിശോധന നടത്തിയത്.
മൂന്നുവര്‍ഷത്തേക്കാണ് അംഗീകാരം. അടുത്ത രണ്ടുവര്‍ഷവും ഗ്രാൻറ് ലഭിക്കും. എല്ലാ വര്‍ഷവും സംസ്ഥാന വിലയിരുത്തല്‍ സംഘം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം തുക അനുവദിക്കും. ആശുപത്രിയിലെ കിടക്കകളുടെ എണ്ണത്തിനനുസരിച്ചാണ് തുക ലഭിക്കുക. മാങ്ങാട്ടുപറമ്പ് ആശുപത്രിയില്‍ 134 അത്യാധുനിക കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കിടക്കക്കും 10,000 രൂപ വീതം ലഭിക്കും. ഇതിനുപുറമെ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഏറ്റവും മികച്ച പ്രസവമുറികള്‍ക്കും ശസ്ത്രക്രിയ തിയറ്ററിനും 'ലക്ഷ്യ' സര്ട്ടിഫിക്കേഷന് പ്രകാരം ആറുലക്ഷം രൂപയുടെ ഗ്രാൻറും ലഭിക്കും.
അനുവദിച്ച തുക വിനിയോഗിക്കുന്നതില്‍ വ്യക്തമായ മാനദണ്ഡം കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്. 75 ശതമാനം ആശുപത്രിയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനായി ഉപയോഗിക്കണം. 25 ശതമാനം ജീവനക്കാര്‍ക്കുള്ള ഇന്സെൻറിവാണ്. ഒരുവര്‍ഷത്തിനകം തുക വിനിയോഗിക്കണം. തുടര്‍ന്ന് അടുത്ത വര്‍ഷം പരിശോധന നടത്തി രണ്ടാമത്തെ ഗഡു അനുവദിക്കും. ജില്ല ആരോഗ്യവകുപ്പിെൻറയും ദേശീയ ആരോഗ്യദൗത്യത്തിെൻറയും ആശുപത്രി ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് കാരണം.
മുമ്പ് ജില്ലാതല ആശുപത്രികള്‍ക്കുള്ള സംസ്ഥാന കായകൽപ അവാര്‍ഡ്, കാഷ് (കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേഡ്സ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന് എന്നിവയും മാങ്ങാട്ടുപറമ്പ് കരസ്ഥമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.