വാക്സിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉത്തരവിനെതിരെ വൻ പ്രതിഷേധം
text_fieldsകണ്ണൂർ: കോവിഡ് പ്രതിരോധ വാക്സിന് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ജില്ല കലക്ടർ ടി.വി. സുഭാഷിെൻറ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം തീരുമാനത്തിനെതിരെ കടുത്ത ജനരോഷം പ്രതിഫലിച്ചു. കഴിഞ്ഞ ദിവസം നടന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കോവിഡുമായി ബന്ധപ്പെട്ട് കലക്ടറുടെ പുതിയ ഉത്തരവിറങ്ങിയത്.
വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നായിരുന്നു യോഗ തീരുമാനം. ജൂലൈ 28 മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിരുന്നു. കൂടാതെ ജില്ലയിലെ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും കലക്ടർ വ്യക്തമാക്കി.
എന്നാൽ, ജില്ലയിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന ക്യാമ്പ് വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ ഒരുക്കുന്നത്. അതിനാൽ കോവിഡ് കാലത്ത് ജനങ്ങളിൽ കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനമാണിതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ, വാക്സിനെടുക്കുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നും രോഗബാധിതരായവർ വാകസിൻ എടുത്താൽ അതിെൻറ പ്രയോജനം ലഭിക്കില്ലെന്നുമാണ് കലക്ടറുടെ ഇക്കാര്യത്തിലെ വിശദീകരണം.
മറ്റ് ജില്ലകളിലൊന്നുമില്ലാത്ത കലക്ടറുടെ പുതിയ തീരുമാനം കോവിഡ് കാലത്ത് നടുവൊടിഞ്ഞ ജനങ്ങൾക്ക് പരിശോധന ചെലവുകൂടി താങ്ങേണ്ട സ്ഥിതിയുണ്ടാക്കും. തീരുമാനങ്ങൾ എടുക്കുമ്പോൾ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ മാത്രം പരിഗണിച്ചാൽ പോരെന്നും സാധാരണക്കാരെയും പരിഗണിക്കണമെന്നുമാണ് കലക്ടറുടെ ഫേസ്ബുക്ക് പേജിൽ ചിലരുടെ കുറിപ്പ്.
വാക്സിനേഷനുള്ള നെഗറ്റിവ് സർട്ടിഫിക്കറ്റിനായി ജനങ്ങൾ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രങ്ങളിൽ തള്ളിക്കയറിയാൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പരിശോധന നടത്താൻ നിരവധിപേർ വിമുഖത കാണിക്കുന്നുണ്ടെന്നും കൂടുതൽപേരെ പരിശോധനക്ക് വിധേയമാക്കാനായിരിക്കാം കലക്ടറുടെ തീരുമാനമെന്നുമാണ് ഈ മേഖലയിലെ ഡോക്ടർമാരുടെ പ്രതികരണം.
കൂടാതെ ആകെ നല്കുന്ന വാക്സിെൻറ 50 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ഗണന നിശ്ചയിച്ചു പട്ടിക തയാറാക്കുന്നവർക്ക് നൽകുമെന്നും ആവശ്യമുള്ളവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കി വാക്സിന് ഉറപ്പുവരുത്തണമെന്നും കലക്ടറുടെ നിർദേശമുണ്ട്.
ഈ തീരുമാനവും അശാസ്ത്രീയമാണെന്ന വിലയിരുത്തലിലാണ് മിക്കവരും. ബസ്, ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്കും കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്സിനോ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും.രണ്ട് ഡോസ് വാക്സിന് എടുക്കാത്തവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനങ്ങൾക്കെതിരെയും കടുത്ത വിമർശനങ്ങളുമായി വ്യാപാരികളടക്കമുള്ളവർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.