മട്ടന്നൂർ തെരഞ്ഞെടുപ്പ് എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ്
text_fieldsകണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർഥികളോടും പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലതല മോണിറ്ററിങ് കമ്മിറ്റി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ. കീർത്തിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് എന്നീ പ്രവർത്തനങ്ങളെല്ലാം സമാധാനപരമായിരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പാക്കണം. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി കണ്ണൂർസിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു.
പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം സമീപ പഞ്ചായത്തുകളിൽനിന്ന് ആളുകൾ മട്ടന്നൂരിൽ കേന്ദ്രീകരിക്കുന്നത് തടയാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ദിവസത്തെ ക്രമീകരണങ്ങൾക്കായി മട്ടന്നൂരിൽ 13ന് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരും. നഗരസഭയുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായ പരാതിയിൽ പരിശോധിച്ച് നടപടി ആവശ്യമെങ്കിൽ കൈക്കൊള്ളുമെന്ന് കലക്ടർ അറിയിച്ചു.
ജില്ല ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, റിട്ടേണിങ് ഓഫിസർ പി. കാർത്തിക്, സിറ്റി ഡിവൈ.എസ്.പി പി.കെ. ധനഞ്ജയ ബാബു, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ പത്മനാഭൻ, സ്റ്റേഷൻ ഹൗസ് ഓഫിസർ എം. കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പരാതി അറിയിക്കാം
കണ്ണൂർ: മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും സമീപിക്കാമെന്ന് പൊതുനിരീക്ഷക ആർ. കീർത്തി അറിയിച്ചു. ഫോൺ നമ്പർ: 9447979150. നിരീക്ഷകയെ സന്ദർശിക്കാൻ ലെയ്സൺ ഓഫിസറെ ബന്ധപ്പെടണം: 9496851031.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.