മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന്; മാതൃക പെരുമാറ്റച്ചട്ടം നിലവില്‍വന്നു
text_fieldsമട്ടന്നൂര്‍: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20നും വോട്ടെണ്ണല്‍ ആഗസ്റ്റ് 22നും നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന് അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിക്കും. ആഗസ്റ്റ് രണ്ടുവരെ നാമനിർദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ആഗസ്റ്റ് മൂന്നിന് നടക്കും. അഞ്ചുവരെ പത്രിക പിന്‍വലിക്കാം. മട്ടന്നൂര്‍ നഗരസഭ പ്രദേശത്ത് ഇന്നലെ മുതല്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍വന്നു. 2020 ഡിസംബറില്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളില്‍, എല്ലായിടത്തും പൊതുതെരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂര്‍ നഗരസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് കോടതി കേസുണ്ടായിരുന്നതിനാല്‍ ആദ്യ തെരഞ്ഞെടുപ്പ് 1997ല്‍ പ്രത്യേകമായാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയായി 2002ലും 2007ലും 2012ലും 2017ലും തെരഞ്ഞെടുപ്പ് നടന്നു. നിലവിലെ മട്ടന്നൂര്‍ നഗരസഭ ഭരണസമിതിയുടെ കാലാവധി 2022 സെപ്റ്റംബര്‍ 10നാണ് അവസാനിക്കുന്നത്. പുതിയ കൗണ്‍സിലര്‍മാര്‍ സെപ്റ്റംബര്‍ 11ന് അധികാരമേല്‍ക്കും. ഇത്തവണ ചെയര്പേഴ്സന് സ്ഥാനം ജനറല്‍ വിഭാഗത്തിനാണ്.
ഡെപ്യൂട്ടി ചെയര്പേഴ്സൻ സ്ത്രീ സംവരണമാണ്. നഗരസഭയിലെ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒന്ന് പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭയില്‍ ആകെ 35 വാര്‍ഡുകളിലായി 38,812 വോട്ടര്‍മാരുണ്ട്. നിലവിലെ വാര്‍ഡുകളുടെ അതിര്‍ത്തികളില്‍ മാറ്റമില്ല.
വോട്ടര്‍മാരില്‍ 18,200 പുരുഷന്മാരും 20,610 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡറുമാണുള്ളത്.
പ്രവാസി ഭാരതീയര്‍ക്കുള്ള പ്രത്യേക വോട്ടര്‍പട്ടികയില്‍ ആരും പേര് ചേര്‍ത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.