മട്ടന്നൂരിൽ റോഡ് വികസനത്തിന് തടസ്സമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ നടപടി
text_fieldsമട്ടന്നൂര്‍: റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന മട്ടന്നൂര്‍ ട്രിപ്ള്‍ ജങ്ഷനിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടിയായി. നഷ്ടപരിഹാരം സംബന്ധിച്ച് കെട്ടിട ഉടമകളുമായി ധാരണയിലെത്തിയതോടെയാണ് കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വഴിതുറന്നത്.
കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ റോഡ് വികസനം വഴിമുട്ടിയിരുന്നു. സെന്റിന് 9.45 ലക്ഷം രൂപ കെട്ടിട ഉടമകള്‍ക്ക് നല്‍കാനാണ് ധാരണയായത്. കല്ല്, മരം തുടങ്ങിയവയുടെ വില വേറെയും നല്‍കും.
തുക അടുത്ത ദിവസം തന്നെ കെട്ടിട ഉടമകള്‍ക്ക് കൈമാറാമെന്ന വ്യവസ്ഥയില്‍ കെട്ടിടങ്ങള്‍ ഇവര്‍ വിട്ടുനല്‍കിയിട്ടുണ്ട്. എന്നാല്‍, ലൈന്സികളായ കച്ചവടക്കാര്‍ക്ക് 50,000 രൂപ മാത്രമാണ് ലഭിക്കുക. ഇത് തികച്ചും തുച്ഛമായ തുകയാണെന്നും ഈ സംഖ്യക്ക് മറ്റൊരു മുറിപോലും ലഭിക്കില്ലെന്നുമാണ് ഇവരുടെ പക്ഷം.
വര്‍ഷങ്ങള്‍ക്കുമുമ്പ് കുറഞ്ഞ തുക നഷ്ട പരിഹാരം നല്കി കടകള്‍ ഏറ്റെടുക്കാന്‍ കെ.എസ്.ടി.പി നോട്ടീസ് നല്കിയപ്പോള് കടയുടമകള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. കടകള്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് നീണ്ടുപോയതോടെ കടയുടമകളും ബുദ്ധിമുട്ടിലായി. പലതവണ പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് നിവേദനം നല്കി കാത്തിരിപ്പിലായിരുന്നു ഇവര്‍.
റോഡ് പ്രവൃത്തിക്കായി മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിലുള്ള പഴയ കെട്ടിടങ്ങള്‍ അടുത്തിടെ പൊളിച്ചുനീക്കിയിരുന്നു. മട്ടന്നൂര്‍ ജങ്ഷനിലുള്ള മൂന്നു കെട്ടിടങ്ങള്‍ കൂടി പൊളിച്ചുനീക്കിയാല്‍ റോഡ് വികസനത്തിനുള്ള തടസ്സം നീങ്ങും. ഇവയുടെ സമീപത്തുള്ള കെട്ടിടം പകുതി പൊളിച്ച നിലയിലാണ്. ബാക്കിഭാഗം ഷീറ്റുപയോഗിച്ച് മറച്ചിട്ടാണുള്ളത്. ഇതിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്തുതന്നെ കിടക്കുകയാണ്.
കെട്ടിടം പൊളിച്ചുനീക്കുന്നതോടെ മട്ടന്നൂര്‍ ജങ്ഷന് വീതികൂട്ടി വികസിപ്പിക്കും. ഇവിടെ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. റോഡ് വീതികൂട്ടി നവീകരിച്ച് ട്രാഫിക് സിഗ്നലും ഏര്‍പ്പെടുത്തുന്നതോടെ ഗതാഗതക്കുരുക്കിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. മരുതായി റോഡ് ജങ്ഷനിലും റോഡ് വീതികൂട്ടി നവീകരിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സര്‍വേ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.