കണ്ണൂരില്‍ എയര്‍ കാര്‍ഗോ സര്‍വിസ്; ചരക്കുനീക്കത്തിന് വഴിതെളിഞ്ഞു
text_fieldsമട്ടന്നൂര്‍: കണ്ണൂരില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് വഴിതെളിഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എയര്‍ കാര്‍ഗോ സര്‍വിസ് പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന് ആദ്യ ചരക്കിടപാട് ഉദ്ഘാടനം ചെയ്തു. ഡോ. വി. ശിവദാസന്‍ എം.പി, കെ. സുധാകരന് എം.പി, കെ.കെ. ശൈലജ എം.എല്‍.എ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖർ, പി. പുരുഷോത്തമന്, കെ.വി. മിനി തുടങ്ങിയവര്‍ സംസാരിച്ചു. കിയാല്‍ എം.ഡി ഡോ. വി. വേണു സ്വാഗതവും ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സുഭാഷ് മുരിക്കഞ്ചേരി നന്ദിയും പറഞ്ഞു.
ആദ്യ ചരക്കായ ലുലു മാളിലേക്കുള്ള ഫ്രൂട്സ് വിഭവങ്ങള്‍ ഷര്‍ജയിലേക്ക് പുറപ്പെട്ടു. 1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കാര്‍ഗോ കോംപ്ലക്സിന് 12,000 ടണ്‍ ചരക്ക് ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുണ്ട്. ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക ഉല്പന്നങ്ങള് എന്നിവക്ക് കോള്‍ഡ് സ്റ്റോറേജ് സംവിധാനവുമുണ്ട്. ഇലക്ട്രോണിക് ഡാറ്റ ഇൻറര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കുനീക്കത്തിെൻറ നിയന്ത്രണം. 7000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കാര്‍ഗോ കോംപ്ലക്സിെൻറ നിര്‍മാണവും പുരോഗമിക്കുകയാണ്.
സാധാരണ ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനുപുറമെ പച്ചക്കറി, പഴം, മത്സ്യം, മാംസം, പൂക്കള്‍, മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റിയയക്കാനുമുള്ള സൗകര്യവും ഉണ്ടാകും.ഇതു പൂര്‍ത്തിയാകുന്നതോടെ രാജ്യാന്തര കാര്‍ഗോകള്‍ പൂര്‍ണമായും ഇവിടേക്ക് മാറ്റും. ചെറിയ കാര്‍ഗോ കോംപ്ലക്സ് ആഭ്യന്തര ചരക്കുനീക്കത്തിനു മാത്രമായും ഉപയോഗിക്കും. കണ്ണൂരിലും സമീപ ജില്ലകളിലും കര്‍ണാടകയിലെ കുടക് മേഖലയിലും ഉല്പാദിക്കുന്ന കാര്‍ഷിക വിളകള്‍ക്കും മറ്റും അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ കാര്‍ഗോ സഹായകമാകും.
വിദേശ വിമാന കമ്പനികളുടെ സര്‍വിസ് തുടങ്ങുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ള കിയാലിന് കാര്‍ഗോ സര്‍വിസ് ഏറെ സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.