ബോംബ് സ്ഫോടനം; രണ്ടാം ദിനവും സംയുക്ത പരിശോധന
text_fieldsമട്ടന്നൂര്‍: പത്തൊമ്പതാം മൈല്‍ കാശിമുക്കില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ സമീപ പ്രദേശങ്ങളില്‍ രണ്ടാം ദിവസവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി.
മരണപ്പെട്ട ഫസലിന്റെ കൂടെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ പോയ സഹതൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവര്‍ പോയിരുന്ന പ്രദേശങ്ങളിലാണ് രണ്ടാം ദിവസവും പരിശോധന നടത്തിയത്. ചൊവ്വാഴ്ച ചാവശ്ശേരി, ആവട്ടി, കാശിമുക്ക്, പരിയാരം, ബേരം, ഹസന്‍മുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ഈ പ്രദേശങ്ങളിലെ വഴിയോരങ്ങള്‍, ആള്‍പാര്‍പ്പില്ലാത്ത വീടുകള്‍, കെട്ടിടങ്ങള്‍, കാടുപിടിച്ച പറമ്പുകള്‍ തുടങ്ങിയ മേഖലകളിലായിരുന്നു പരിശോധന.
ഫസലിന് സ്റ്റീല്‍ ബോംബ് കിട്ടിയശേഷം കൂടെ ഉണ്ടായിരുന്ന ആളോട് പറയാതെ മാറ്റിവെച്ചതായിരുന്നോ എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫസല്‍ പോയ വഴികളില്‍ പരിശോധന നടത്തിയത്. രണ്ട് ദിവസങ്ങളിലെയും പരിശോധനകളില്‍ ബോംബോ സ്ഫോടക വസ്തുക്കളോ കിട്ടാത്ത സാഹചര്യത്തിലാണ് മകന് ഷഹിദുള്ളിനാണോ ബോംബ് കിട്ടിയതെന്ന സംശയം ബലപ്പെടുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഷഹിദുള്ളിന്റെ സഞ്ചാരപാത കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇനി മൊഴി നല്‍കിയതില്‍ കളവുണ്ടോ എന്ന് കണ്ടെത്താന്‍ ഇവര്‍ സഞ്ചരിച്ച പാതയിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
മട്ടന്നൂര്‍ പൊലീസ് എസ്.എച്ച്.ഒ എം. കൃഷ്ണന്, എസ്.ഐ കെ.വി. ഉമേശന് എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.