പുലിപ്പേടിയില്‍ നാടും നഗരവും; ജാഗ്രതയുമായി അധികൃതര്‍
text_fieldsമട്ടന്നൂര്‍: പുലിപ്പേടിയില്‍ നാടും നഗരവും. ഒപ്പം കനത്ത ജാഗ്രതയുമായി അധികൃതരും. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അയ്യല്ലൂര്‍ കരൂഞ്ഞാലിലെ റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടത്. അധികൃതരെത്തി പരിശോധന നടത്തിയപ്പോള്‍ പരിസരത്ത് കുറുനരിയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി.
തുടര്‍ന്ന് അവിടെ സ്ഥാപിച്ച കാമറയില്‍ പുലിയുടെ ചിത്രം തെളിഞ്ഞതോടെയാണ് അധികൃതര്‍ പുലി എത്തിയതായി സ്ഥിരീകരിച്ചത്.വനപാലകരും ജനപ്രതിനിധികളും അയ്യല്ലൂരില്‍ യോഗം ചേര്‍ന്നു. കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഏതൊക്കെ വഴികളിലാണ് പുലിയുടെ സാന്നിധ്യമെന്ന് മനസ്സിലാക്കാനാണ് കൂടുതല്‍ കാമറ സ്ഥാപിക്കുന്നത്. ഒരു കുളവും നീര്‍ച്ചാലും പ്രദേശത്തുണ്ട്. ഇവിടെ പുലിയെത്തുന്നുണ്ടോ എന്നും പരിശോധിക്കും.
ഇതിനിടെ വെമ്പടിയില്‍ ബുധനാഴ്ച രാത്രി പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി. പിന്നീട് പന്നിയാണെന്ന് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് മട്ടന്നൂര്‍ ടൗണിനടുത്ത കട്ട് ആൻഡ് കവര്‍ മേഖലയിലും ഇല്ലംഭാഗത്തും പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു.
നിരവധി പേര് റബര്‍ തോട്ടങ്ങളില്‍ പുലര്‍ച്ചെ എത്തി ജോലിചെയ്യുന്ന മലയിടുക്കുകളാണ് പുരളിമലയുടെ ചുറ്റുവട്ടത്തുള്ള കരൂഞ്ഞാലും പരിസരവും. കരൂഞ്ഞാലിനു സമീപംതന്നെയാണ് കോളാരി പൂങ്ങോടുംകാവ് വനമേഖല. പൂങ്ങോട്ടുംകാവിനു ചുറ്റും ജനനിബിഡ മേഖലയുമാണ്.
ചുറ്റുപാടും നിരവധി വനപ്രദേശങ്ങള്‍ ഉള്ളതിനാല്‍ മട്ടന്നൂരിന്റെ വിവിധ മേഖലയിലുള്ളവര്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി സന്ധ്യകഴിഞ്ഞാല്‍ നഗരത്തില്‍ ജനസാന്നിധ്യം തീര്‍ത്തും കുറവാണ്. കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ മേഖലയില്‍നിന്ന് പുലി മാറിപ്പോയിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്നും എങ്കിലും പരിശോധന കര്‍ശനമാക്കുമെന്നും കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നാരോത്ത് പറഞ്ഞു. കൂട് വെക്കുന്നതിന് ഒരുപാട് സാങ്കേതിക വശങ്ങളുണ്ടെന്നും ഇതിനുള്ള ശ്രമം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എടത്തൊട്ടിയിലും പുലി ? വനംവകുപ്പ് പരിശോധന നടത്തി
ഇരിട്ടി: എടത്തൊട്ടിയിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെ 2.30നാണ് എടത്തൊട്ടിയിലെ ഇല്ലിക്കൽ ബേബി ടാപ്പിങ്ങിനിടയിൽ ആദ്യം പുലിയെ കണ്ടത്. റബർ തോട്ടത്തിന് സമീപത്തായി പുലിയെ കണ്ടതോടെ ടാപ്പിങ് നിർത്തി ബേബി സമീപത്തുള്ള വീട്ടിലേക്ക് തിരിച്ചു. ബുധനാഴ്ച രാത്രിയിലും എടത്തൊട്ടി - പെരുമ്പുന്ന റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ പി. പി. സുരേഷ് പുലിയെ കണ്ടതായി പറഞ്ഞു.
തുടർന്ന് വ്യാഴാഴ്ച രാവിലെ വനം വകുപ്പ് അധികൃതരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഈ മേഖലയിൽ തിരച്ചൽ നടത്തി. ആളുകൾ പുലിയെ കണ്ടതോടെ മേഖലയിലുള്ളവർ ഭീതിയിലായി. ഇതോടെ വനംവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.