വിമാനത്താവള പ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി നാശം
text_fieldsമട്ടന്നൂര്‍: കനത്ത മഴയില്‍ വിമാനത്താവള പ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി വീടുകളിലും കടകളിലുമെത്തി നാശനഷ്ടം. കല്ലേരിക്കരയിലെ വീടുകളിലും സമീപത്തെ ബൈക്ക് വർക്ക്ഷോപ്പിലും കടയിലുമാണ് നാശനഷ്ടമുണ്ടായത്.
മുമ്പ് വെള്ളം കുത്തിയൊഴുകി വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന ഭാഗത്തുകൂടിയാണ് വീണ്ടും വെള്ളമെത്തിയത്. കഴിഞ്ഞ തവണ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെങ്കിലും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. നിരന്തരം അധികൃതരോട് വിഷയത്തില്‍ കലഹിച്ചിട്ടും നടപടി സ്വീകരിക്കാന്‍ കഴിയാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടുണ്ടായ മഴയില്‍ കല്ലേരിക്കരയിലെ ഓട്ടോഡ്രൈവര്‍ കെ. മോഹനന്റെ വീട്ടുമുറ്റത്ത് ചളികയറി. പി.കെ. ബിജുവിന്റെ ബൈക്ക് വർക്ക്ഷോപ്പിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. സമീപത്തെ കെ. സുമേഷിന്റെ വീട്ടുപരിസരത്തും കല്ലേരിക്കര ഐശ്വര്യ വായനശാലക്ക് സമീപമുള്ള കടകളിലും വെള്ളം കയറി.
കഴിഞ്ഞ മേയ് മാസവും വിമാനത്താവള പരിസരത്തുനിന്ന് വെള്ളം കുത്തിയൊഴുകി വലിയ നാശമുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത് റോഡും കടന്നാണ് വെള്ളം വീടുകളിലേക്ക് എത്തുന്നത്.
വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നത് പരിഹരിക്കാൻ കിയാല്‍ അധികൃതരുടെയും മറ്റും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വിമാനത്താവള പ്രദേശത്തെ ജലസംഭരണി മണ്ണുമൂടി നിറഞ്ഞതാണ് ഓവുചാല്‍ കവിഞ്ഞ് വെള്ളമൊഴുകാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.