വിമാനത്താവളത്തിൽ ഭീമമായ പാര്‍ക്കിങ് ഫീസ്; എസ്.ടി.യു മാർച്ച് ഇന്ന്, സി.ഐ.ടി.യുവിന്റേത് 10ന്
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പുറമേനിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഭീമമായ ഫീസ് ഈടാക്കുന്നതിനെതിരെ എസ്.ടി.യു ചൊവ്വാഴ്ചയും സി.ഐ.ടി.യു വ്യാഴാഴ്ചയും സമരം നടത്തും.ചൊവ്വാഴ്ച മോട്ടോര്‍ എൻജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന മാര്‍ച്ച് നടത്തും. വ്യാഴാഴ്ച സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയുമാണ് നടത്തുന്നത്.
നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി സംഘടനകള്‍ രംഗത്തെത്തിയത്. കോവിഡ് കാലത്താണ് വാഹനങ്ങള്‍ക്ക് അമിത ഫീസ് ഈടാക്കിയത്. പ്രതിഷേധങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കോവിഡ് കാലത്തെ ഭീമമായ വര്‍ധനയെന്നാണ് തൊഴിലാളികളുടെ പക്ഷം.
എന്നാല്‍, മുന്‍കൂട്ടി ബുക്കുചെയ്ത് യാത്രക്കാരെ കൊണ്ടുപോകാന്‍വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. വിമാനത്താവളത്തിെൻറ ഒന്നാംഗേറ്റില്ക്കൂടി മാത്രമേ ഇവ പ്രവേശിക്കാവൂ. ഇത്തരത്തില്‍ ഉള്ളിലേക്കുവരുന്ന ടാക്സി വാഹനങ്ങള്‍, എവിടെനിന്നു വരുന്ന ഫ്ലൈറ്റിലെ ഏതു യാത്രികനെ എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്നുള്ള വിവരങ്ങള്‍ കരുതണം. ഇവ വിമാനത്താവള പൊലീസ് സ്റ്റേഷന്, വിമാനത്താവള സെക്യൂരിറ്റി, കാര്‍പാര്‍ക്കിങ് ചുമതലയുള്ള ഏജന്‍സി എന്നിവര്‍ ഉറപ്പുവരുത്തും.
യാത്രക്കാരന് ഇറങ്ങി പുറത്ത് വന്നുവിളിച്ചാല്‍ മാത്രമേ ഇവര്‍ പാര്‍ക്കിങ് മേഖലയില്‍നിന്ന് അറൈവല്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. രണ്ടു മണിക്കൂര്‍ വരെയുള്ള പാര്‍ക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഓട്ടോ ടാക്സി 150 രൂപയും കാര്‍, ജീപ്പ് എന്നിവ 250 രൂപയും ടെമ്പോ ട്രാവലര്‍, മിനി ബസ് എന്നിവ 700 രൂപയും ബസ് 1000 രൂപയും ഫീസ് നല്‍കണം എന്നായിരുന്നു കിയാലിെൻറ നിർേദശങ്ങള്‍.
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം മുതല്‍ പ്രീ പെയ്ഡ് ടാക്സി സര്‍വിസ് മത്സര ടെന്‍ഡറിലൂടെ ഒരുകമ്പനി ഏറ്റെടുത്തിരുന്നു. അവകാശം ഏജന്‍സിയെ ഏൽപിച്ചുകഴിഞ്ഞതിനാല് മറ്റു ടാക്സികള്‍ക്ക് അന്നുമുതല്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുേപാകാന് അനുവാദമില്ലായിരുന്നു.
എന്നാല്‍, യാത്രക്കാരെ ഇറക്കാന്‍ അനുമതി ഉണ്ടായിരുന്നുവെന്നും ഇത് ഇപ്പോഴും തുടരുന്നുണ്ടെന്നുമാണ് കിയാലിെൻറ പക്ഷം. അവകാശമെടുത്ത ഏജന്‍സി ഉദ്ഘാടനം മുതല്‍ കാറൊന്നിന് ദിനംപ്രതി ജി.എസ്.ടി ഉള്‍പ്പെടെ 629.50 രൂപ വിമാനത്താവളത്തിന് ഫീസ് നല്‍കുന്നുണ്ട്.
കരാറുകാരന് കാറുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇപ്പോള്‍ 180 ആക്കിയിരിക്കുകയാണ്. ഇപ്പോള്‍ പ്രവാസികളുടെ വരവ് കുറയുകയും ഇവിടത്തെ ടാക്സികള്ക്കുതന്നെ ആവശ്യത്തിന് ഓട്ടമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിരിക്കുകയാണെന്ന് ഏജന്‍സി പ്രതിനിധികള്‍ പറയുന്നു.
എന്നാല്‍, കിയാലിെൻറ നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് യൂനിയനുകൾ വ്യക്തമാക്കുന്നത്. ഭീമമായ ഫീസ് ഈടാക്കി ടാക്സി തൊഴിലാളികളെയും പ്രവാസികളെയും ചൂഷണം ചെയ്യുന്ന നടപടിക്കെതിരെയാണ് വ്യാപക പ്രതിഷേധമുയരുന്നത്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന വാഹന മാര്‍ച്ച് എം.എ. കരീം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ചും ധര്‍ണയും സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.