മണ്ണൂരില്‍ റോഡ് തകര്‍ന്നിട്ട് മൂന്ന് മാസം; നടപടി നീളുന്നു
text_fieldsമട്ടന്നൂര്‍: മണ്ണൂര്‍ നായിക്കാലി ഭാഗത്ത് പുഴയിലേക്ക് ഇടിഞ്ഞ റോഡിനു പകരം പുതിയ റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ നീളുന്നതായി പരാതി. മൂന്നു മാസം മുമ്പാണ് മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡിന്റെ നായിക്കാലിയിലെ ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് വീണത്.
പുഴയോരത്ത് കൂടി വീണ്ടും റോഡ് നിര്‍മിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ അലൈന്മെന്റില് മാറ്റം വരുത്തി റോഡ് നിര്‍മിക്കാനാണ് തീരുമാനിച്ചത്. പദ്ധതിക്ക് കിഫ്ബി അംഗീകാരവും നല്‍കിയിരുന്നു. എന്നാല്‍, മൂന്നു മാസം കഴിഞ്ഞിട്ടും തുടർ നടപടികളുണ്ടായില്ല.റോഡിന് സമീപത്തുള്ള ഒരു വീടും 4936 ചതുരശ്ര മീറ്റര്‍ സ്ഥലവും ഏറ്റെടുത്ത് പുതിയ റോഡ് നിര്‍മിക്കാനാണ് തീരുമാനിച്ചത്. കെ.കെ. ശൈലജ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഭൂവുടമകളുടെ യോഗം ചേരുകയും സ്ഥലം വിട്ടുനല്‍കാന്‍ ഭൂവുടമകള്‍ തയാറാവുകയും ചെയ്തു. എന്നാല്‍, നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുക്കാന്‍ വേണ്ട നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.
റോഡ് പൂര്‍ണമായും തകര്‍ന്നതോടെ മണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. റോഡിന്റെ അവശേഷിക്കുന്ന ഭാഗം വഴി ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പുഴയോട് ചേര്‍ന്ന് സംരക്ഷണഭിത്തി കെട്ടി റോഡ് നവീകരിക്കുന്ന പ്രവൃത്തി തുടങ്ങിയത്. പാലക്കാട് ഐ.ടി.ഐ.യിലെ വിദഗ്ധസംഘം തയാറാക്കിയ രൂപരേഖ അനുസരിച്ചാണ് പ്രവൃത്തി നടത്തിവന്നത്.
കഴിഞ്ഞ ഡിസംബറോടെ പണി പൂര്‍ത്തിയാക്കേണ്ടിയിരുന്ന പ്രവൃത്തി മഴയും മറ്റു സാങ്കേതിക തടസ്സങ്ങളും മൂലം വൈകി. ഇതിനിടെയാണ് ജൂലായില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് പുഴയിലേക്ക് പതിച്ചത്. അടിയന്തര നടപടി വേണമെന്ന് മണ്ണൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ പി. രാഘവന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.