മണ്ണിടിച്ചില്‍ ദുരന്തം: നടുങ്ങി മട്ടന്നൂർ
text_fieldsമട്ടന്നൂര്‍: മട്ടന്നൂരിനെ അക്ഷരാർഥത്തില്‍ നടുക്കി, ശനിയാഴ്ച ഉച്ചക്ക് കളറോഡിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം. അന്തർസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയിൽപെട്ടു എന്നായിരുന്നു ആദ്യം വാര്‍ത്ത പരന്നത്. പിന്നീടാണ് നാട്ടുകാരായ മൂന്നുപേരാണ് അപകടത്തിൽപെട്ടതെന്നു വ്യക്തമായത്.
നാട്ടുകാരുടെയും പൊലീസിെൻറയും ഫയര്ഫോഴ്സിെൻറയും സന്ദര്‍ഭോചിത ഇടപെടല്‍ കൂടുതല്‍ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. 15 മീറ്റര്‍ ഉയരത്തിലുള്ള കുന്നാണ് ഇടിച്ചുതാഴ്ത്തിയത്. അപകട സാധ്യതയുള്ള ഭാഗത്ത് ഉയരത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കവേ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു.
ഏതാനും വര്‍ഷംമുമ്പ് കളറോഡില്നിന്ന് വിളിപ്പാടകലെ 19ാം മൈല്‍ പറമ്പില്‍ ശക്തമായ മഴയില്‍ തൊട്ടടുത്ത സ്ഥലത്തെ കൂറ്റന്‍ ചുറ്റുമതില്‍ വീടിനു മുകളിലേക്ക് മറിഞ്ഞുവീണും വര്‍ഷങ്ങള്‍ക്കുമുമ്പ് കുറ്റ്യാട്ടൂരില്‍ കരിങ്കല്‍ ക്വാറി അപകടത്തിലും മരണം സംഭവിച്ചിരുന്നു. അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
ദുരന്താവർത്തനം
മട്ടന്നൂര്‍: മണ്ണിടിച്ചില്‍ ദുരന്തം തുടരുമ്പോഴും അധികൃതര്‍ക്ക് നിസ്സംഗഭാവം. ഓരോതവണയും ദുരന്തം ആവര്‍ത്തിക്കുമ്പോഴും ദിവസങ്ങള്‍ മാത്രം നിയന്ത്രണം നടപ്പാക്കും. വീണ്ടും പഴയപടിതന്നെ.
താമസസൗകര്യത്തിനുവേണ്ടി ഒരു കൂര നിർമിക്കുമ്പോള്പ്പോലും ചെറിയ കിള ഇടിച്ചുതാഴ്ത്താൻ അനുവദിക്കാത്ത അധികൃതര്‍, മട്ടന്നൂരിനടുത്ത കളറോഡില്‍ പെട്രോള്‍ പമ്പിനായി നിർമാണ പ്രവൃത്തിക്ക് മലതന്നെ ഇടിക്കുമ്പോഴും അനങ്ങാപാറ നയം തുടർന്നു.
15 മീറ്റര്‍ ഉയരത്തിലുള്ള കുന്നാണ് കളറോഡില്‍ ഇടിച്ചുതാഴ്ത്തിയത്. 45 അടിയിലേറെ സമനിരപ്പിലേക്ക് താഴ്ന്ന മണ്ണില്‍ ഭിത്തിയോടുചേര്‍ന്ന് കോണ്‍ക്രീറ്റ് പ്രവര്‍ത്തനത്തിനുള്ള ജോലികള്‍ പുരോഗമിക്കുകയായിരുന്നു. മണ്ണുനീക്കിയ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിർമിക്കുന്ന പ്രവൃത്തിക്കിടെ ജോലി ചെയ്യുന്നതിന് തൊട്ട് മുകളിലുണ്ടായിരുന്ന മണ്‍തിട്ട അടര്‍ന്നുവീണാണ് അപകടമുണ്ടായത്.
ഇവിടെ കോണ്‍ക്രീറ്റിനായി ഉപയോഗിച്ചത് അനുയോജ്യമല്ലാത്ത കമ്പിയാണെന്നും ആക്ഷേപമുണ്ട്. കോണ്ക്രീറ്റിെൻറ ഉയരത്തിനും കനത്തിനും അനുസരിച്ച് കനമുള്ളതായിരുന്നില്ല കമ്പി എന്നതും അധികൃതരുടെ പോരായ്മയിലേക്ക് വിരല്‍ചൂണ്ടുന്നു.
മലകള്‍ ഇടിച്ചുനിരപ്പാക്കുന്ന പ്രവൃത്തി അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഇപ്പോള്‍ പല ഭാഗത്തും നടക്കുന്നുണ്ട്. ഇതിനെല്ലാം അധികൃതരുടെ മൗനാനുവാദവുമുണ്ട്. അപകടം സംഭവിക്കുമ്പോള്‍ മാത്രമാണ് ഇത്തരം കാര്യങ്ങളുടെ ഗൗരവം അധികൃതർക്ക് മനസ്സിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.