നിയമലംഘനം ഓടിപ്പിടിക്കാൻ എ.ഐ വാഹനമെത്തി
text_fieldsമട്ടന്നൂര്‍: റോഡില്‍ നിയമം ലംഘിച്ച് അതിവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങളെ കുടുക്കാന്‍ മൊബൈല്‍ സ്പീഡ് ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. എ.ഐ കാമറകള്‍ ഘടിപ്പിച്ച് പരിശോധനക്കായി സജ്ജമാക്കിയ വാഹനം മട്ടന്നൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ഓഫിസിലെത്തി. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുന്ന മൈക്രോ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റമാണ് ഇതില്‍ ഉപയോഗിക്കുന്നത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി മൊബൈല്‍ സ്പീഡ് ഡിറ്റക്ഷന്‍ സംവിധാനമുള്ള നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇവയുടെ ബേസ് സ്റ്റേഷന്. മറ്റു ജില്ലകളില്‍ നിശ്ചിതദിവസങ്ങളില്‍ പരിശോധനക്കായി വാഹനം വിട്ടുനല്‍കും. കണ്ണൂര്‍ ജില്ലയില്‍ 10 ദിവസമാണ് എം.എസ്.വി.ഡി.എസ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധന ഉണ്ടാകുക.
നിയമലംഘനം കൂടുതലായി നടക്കുന്ന സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് സിസ്റ്റം ഓണാക്കിയാല്‍ വാഹനങ്ങളുടെ വേഗപരിധി എ.ഐ കാമറ വഴി രേഖപ്പെടുത്തുകയും നിയമലംഘനങ്ങള്‍ കണ്ടെത്തി കണ്ട്രോള് റൂമിലേക്ക് നല്കി ഇ-ചലാന്‍ നല്‍കുകയും ചെയ്യും. രാത്രി പരിശോധനക്ക് ലൈറ്റ് സംവിധാനവുമുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ അമിതവേഗത ഇതുവഴി കണ്ടെത്താനാകും. 1500 രൂപയാണ് വേഗപരിധി ലംഘിച്ചാലുള്ള പിഴ.
രണ്ടു ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷം ഈ മാസം മുഴുവന്‍ ജില്ലയിലെ പരിശോധനയുണ്ടാകുമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. എ.സി.ഷീബ, എം.വി.ഐ എം.പി. റിയാസ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.