തറക്കല്ലില്‍ ഒതുങ്ങി നായിക്കാലി ടൂറിസം പദ്ധതി
text_fieldsമട്ടന്നൂര്‍: തറക്കല്ലിട്ട് നാലു വര്‍ഷമാകാറായിട്ടും നായിക്കാലി ടൂറിസം പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയില്ല. കൂടാളി പഞ്ചായത്തിലെ നായിക്കാലി തുരുത്തിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കാനായിരുന്നു പദ്ധതി.
20 കോടി നിര്‍മാണച്ചെലവുള്ള പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിക്കായി മൂന്നു വര്‍ഷം മുമ്പ് ആറുകോടിയുടെ ഭരണാനുമതി ലഭിച്ചു. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. പദ്ധതി പ്രദേശത്തേക്കുള്ള വഴിക്ക് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് പ്രവൃത്തി വൈകുന്നതിന് കാരണമായത്. സ്വകാര്യവ്യക്തികളുടെ ഭൂമി നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 10 കി.മീറ്ററോളം ദൂരമാണ് നായിക്കാലിയിലേക്കുള്ളത്. വെള്ളം കയറുന്ന പ്രദേശമായതിനാല്‍ ഇതിന് അനുയോജ്യമായ രീതിയിലാണ് ടൂറിസ്റ്റ് കേന്ദ്രം വിഭാവനം ചെയ്തിരുന്നത്. ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായി പക്ഷിസങ്കേതം, പുഷ്പോദ്യാനം തുടങ്ങിയവയും നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്ക്, തൂക്കുപാലം, എഫ്.ആര്.പി പെഡല്‍ ബോട്ടുകള്‍, കഫ്റ്റീരിയ, കയാക്ക് സ്റ്റോറേജ്, ഫ്ലോട്ടിങ് ബോട്ട് ജെട്ടി, ട്രീ ഹട്ടുകള്‍ എന്നിവയടങ്ങുന്നതാണ് ആദ്യഘട്ട നിര്‍മാണം.
വയനാട് കുറുവാ ദ്വീപിന്റെ മാതൃകയിലുള്ള വിനോദസഞ്ചാര കേന്ദ്രം നായിക്കാലിയില്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. കൊച്ചി ആസ്ഥാനമായുള്ള ഏജന്‍സിയാണ് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് നല്‍കിയത്. 2019 ഡിസംബര്‍ 24നാണ് മന്ത്രിയായിരുന്ന ഇ.പി. ജയരാജന് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസം കേന്ദ്രമാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രഖ്യാപനങ്ങൾ എങ്ങുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.