കണ്ണൂര്‍ വിമാനത്താവളത്തിന് അഞ്ചാണ്ട് പ്രശ്നപരിഹാരം ഇനിയുമകലെ
text_fieldsമട്ടന്നൂര്‍: പ്രതിസന്ധികൾക്കും പരിഭവങ്ങൾക്കും മധ്യേ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്ന് അഞ്ച് വയസ്സ് പൂർത്തിയാകുന്നു. ഏറെ പ്രതീക്ഷയോടെ 2018 ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വിമാനത്താവളം ഇന്നും ശൈശവാവസ്ഥയിൽ തന്നെ. പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് കിയാൽ. വിദേശകമ്പനികളുടെ സർവിസ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതും വിമാനത്താവള പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് വിമാന കമ്പനികള്‍ 8 ഇന്ത്യന്‍ നഗരങ്ങളിലേക്കും 11 ഗള്‍ഫ് രാജ്യങ്ങളിലേക്കും സർവിസ് നടത്തിയിരുന്നു. ഇതിനിടെയാണ് ഈ വര്‍ഷം മെയ് മാസം ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വിസുകള്‍ അവസാനിപ്പിച്ചത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഇതുണ്ടാക്കിയത്. ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത് 53.86 ലക്ഷം പേരാണ്. 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു ചരിത്രം കുറിച്ചിരുന്നു. എയര്‍ഇന്ത്യ എക്സ്പ്രസ് എയർ ഏഷ്യയുമായി ലയിക്കുകയും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നത് കണ്ണൂരിനും പ്രതീക്ഷ നല്‍കുന്നുണ്ട്.
ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങി. വിദേശകമ്പനികളുടെ സര്‍വിസുകള്‍ വഴി മാത്രമേ വിമാനത്താവളം ലാഭകരമാക്കാന്‍ കഴിയൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സര്‍ക്കാറും കിയാലും നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല. പുതിയ വിമാനത്തവളങ്ങള്‍ക്ക് പോയന്റ് ഓഫ് കാള്‍ നല്‍കേണ്ടതില്ലെന്ന നയമാണ് കേന്ദ്ര വ്യോമയാന മന്ത്രാലായം കാരണമായി പറയുന്നത്.
ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ അനുവദിച്ചു. പരാതികളൊന്നുമില്ലാതെ ആദ്യഹജ്ജ് ക്യാമ്പ് പൂര്‍ത്തിയാക്കാനും സാധിച്ചു. ഇതിനിടെ ദ്രാവിഡന് ഏവിയേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് ചരക്കുവിമാന സർവിസ് തുടങ്ങാന്‍ ലക്ഷ്യമിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തെങ്കിലും ചരക്ക് നീക്കം നടന്നില്ല.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2022-23 വര്‍ഷത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നഷ്ടം 131.98 കോടി രൂപയാണ്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളങ്ങളില്‍ നഷ്ടത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അഞ്ചാംസ്ഥാനത്താണ് കണ്ണൂര്‍. വിമാനത്താവള കമ്പനിയുടെ വായ്പാ തിരിച്ചടവിന്റെ കാലാവധി 11 വര്‍ഷത്തില്‍ നിന്ന് 20 ആക്കി നീട്ടാന്‍ ധാരണയായെന്ന് മുഖ്യമന്ത്രി വാര്‍ഷികയോഗത്തില്‍ അറിയിച്ചിരുന്നു.
കണ്ണൂരില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഉൾപ്പെടെ കൂടുതല്‍ സർവിസുകള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നാണ് കിയാല്‍ അറിയിക്കുന്നത്. കമ്പനികളുമായി കിയാല്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. കണ്ണൂരിലെ ടിക്കറ്റ് നിരക്കും യാത്രികരെ മറ്റ് വിമാനത്താവളങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.