അയ്യല്ലൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം; പരിശോധന ആരംഭിച്ചു
text_fieldsമട്ടന്നൂര്‍: അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്ത് റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. മട്ടന്നൂര്‍ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കുറുനരിയെ കടിച്ചുകൊന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാരും ഭീതിയിലായി.
പുലര്‍ച്ചെ റബര്‍ പാല് ശേഖരിക്കാനെത്തിയവരാണ് പുലിയെ പോലൊരു ജീവിയെ കണ്ടത്. നിരവധി പേര് റബര്‍ തോട്ടങ്ങളില്‍ പുലര്‍ച്ചെ എത്തി ജോലിചെയ്യുന്ന മലയിടുക്കുകളാണ് പുരളിമലയുടെ ചുറ്റുവട്ടത്തുള്ള ഈ കുന്നിൻചരിവ്. പുലിയെപ്പോലുള്ള ലീപ്പാടോ ആകാനാണ് സാധ്യതയെന്നും പരിശോധിച്ചുവരുകയാണെന്നും തോട്ടങ്ങളിലെത്തുന്നവര് ശ്രദ്ധിച്ചാല്‍ മതിയെന്നും ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.
ഇരപിടിച്ച സ്ഥിതിക്ക് ഇന്ന് രാത്രി വീണ്ടും എത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പ്രദേശത്ത് സ്ഥാപിച്ച കാമറ ട്രാപ്പില്‍ മനസ്സിലാകും. അതിനുശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലി, കടുവ എന്നിവക്ക് മുന്നില്‍പെട്ടാല്‍ ആത്മരക്ഷാര്‍ഥം എന്തെങ്കിലും ചെയ്യുന്നതല്ലാതെ ഓടിച്ചിട്ട് മനുഷ്യനെ പിടിക്കുന്നരീതി ഈ ജീവികള്‍ക്കില്ല. അതുകൊണ്ട് ഭയപ്പെടാനില്ലെന്നും ശ്രദ്ധയുണ്ടായാല്‍ മതിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.