മട്ടന്നൂരില്‍ സ്പെഷാലിറ്റി ആശുപത്രി റീ ടെൻഡര്‍ നടപടി തുടങ്ങി
text_fieldsമട്ടന്നൂര്‍: മട്ടന്നൂരിലെ സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തിയുടെ റീ ടെൻഡര്‍ നടപടി തുടങ്ങി. ആറു മാസത്തോളമായി പ്രവൃത്തികളൊന്നും നടക്കാത്ത സാഹചര്യമായിരുന്നു. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഉത്തരേന്ത്യന്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരുന്നതോടെയാണ് പണി നിര്‍ത്തിവെച്ചത്.
പലതവണയായി പണി നിര്‍ത്തിവെച്ച തൊഴിലാളികള്‍ കൂലി മുടങ്ങിയതോടെ പ്രവൃത്തി പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. കമ്പനിയെ ഒഴിവാക്കി റീടെന്‍ഡറിലൂടെ പുതിയ കമ്പനിയെ നിര്‍മാണം ഏല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
2019 ഒക്ടോബറിലാണ് സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ടത്. കിഫ്ബി വഴി 71.5 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ആസ്പത്രി നിര്‍മിക്കുന്നത്. കെ.എസ്.ഇ.ബി.യാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍.
എന്നാല്‍ കോവിഡ് പ്രതിസന്ധി തുടക്കത്തില്‍ തന്നെ തടസ്സമായി. പ്രദേശത്തെ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ലേലം ചെയ്യുന്നതിലെ കാല താമസവും പ്രവൃത്തി വൈകാനിടയാക്കി. 2020 മാര്‍ച്ചിലാണ് ഭൂമി നിരപ്പാക്കല്‍, ട്രയല്‍ പൈലിങ് എന്നിവ തുടങ്ങിയത്. കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തില്‍ പല തവണ യോഗം വിളിച്ചു ചേര്‍ത്ത് പ്രവൃത്തി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ആദ്യഘട്ടത്തില്‍ നൂറുകിടക്കകളുമുള്ള നാലുനില കെട്ടിടവും എല്ലാ വിഭാഗങ്ങളിലുമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവുമാണ് ലക്ഷ്യമിടുന്നത്. താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍, മുകളില്‍ ലാബ്, ഒ.പി. ബ്ലോക്ക്, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂനിറ്റ് തുടങ്ങിയവയുണ്ടാകും.
40 ശതമാനത്തോളം പ്രവൃത്തികളാണ് പൂര്‍ത്തിയായത്. രണ്ടു നിലകളുടെ നിര്‍മാണം പൂര്‍ത്തിയായി മൂന്നാം നിലയുടെ പണി തുടങ്ങിയിട്ടുണ്ട്. ചെരിഞ്ഞ പ്രദേശമായതിനാല്‍ ബേസ്മെന്റ് ഉള്‍പ്പടെയുള്ള ആദ്യ ഭാഗത്തിന്റെ പ്രവൃത്തി വളരെ ശ്രമകരമായിരുന്നു. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ റവന്യു ടവറിന് പിറകിലായി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആസ്പത്രി പണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.