വന്യജീവി സാന്നിധ്യം; കാമറകള്‍ ഇന്ന് പരിശോധിക്കും
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ മൂന്നാം ഗേറ്റിന് സമീപം വന്യജീവിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് സ്ഥാപിച്ച കാമറകള്‍ ശനിയാഴ്ച പരിശോധിക്കും. സാഹചര്യ തെളിവുകളില്‍ പുലിയാണെന്ന സംശയത്തിലാണ് വനം വകുപ്പ്. ബുധനാഴ്ച രാത്രിയിലായിരുന്നു വന്യജീവിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.
ബുധനാഴ്ച രാത്രിയില്‍ ബി.എസ്.എഫ് സംഘത്തിന്റെ രാത്രി പ്രത്യേക പരിശോധനക്കിടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ വിമാനത്താവള മൂന്നാം ഗേറ്റ് പരിസരത്ത് കണ്ടത്.
മണ്‍തിട്ടക്ക് മുകളില്‍ ഇരിക്കുന്ന നിലയിലാണ് വന്യജീവിയെ കണ്ടത്. വ്യാഴാഴ്ച വനം വകുപ്പ് നടത്തിയ പരിശോധനയില്‍ വന്യജീവി ഭക്ഷിച്ചെന്ന് കരുതുന്ന നായുടെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വന്യജീവി ഏതാണെന്നു ഉറപ്പിക്കാനുള്ള നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
നായുടെ അവശിഷ്ടം കണ്ടെത്തിയ മേഖലയിലാണ് വ്യാഴാഴ്ച വൈകീട്ടോടെ രണ്ട് കാമറകള്‍ സ്ഥാപിച്ചത്. നായുടെ അവശിഷ്ടം കണ്ടെത്തിയതിനോട് ചേര്‍ന്ന മരത്തില്‍ കോറിയിട്ട പാടുകളും കണ്ടെത്തിയിരുന്നു.
മരത്തിലെ പാടുകളും കാല്പാടും പുലിയുടേത് തന്നെയാകുമെന്നാണ് വനം വകുപ്പിന്റെ അനുമാനം. ഉപേക്ഷിച്ച നായുടെ അവശിഷ്ടം ഭക്ഷിക്കാന്‍ വന്യജീവി എത്തുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. അങ്ങനെയെങ്കില്‍ വന്യജീവി നിരീക്ഷണ കാമറയില്‍ പതിയാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.