മേയര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന്; പ്രതിഷേധവുമായി കൗൺസിലർമാർ
text_fieldsകണ്ണൂര്‍: സര്‍ക്കാര്‍ പരിപാടികളില്‍ കണ്ണൂർ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാരോപിച്ച് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ഭരണപക്ഷ കൗണ്‍സിലർമാർ പ്രതിഷേധിച്ചത്. സര്‍ക്കാറിന്റെ ഡിജിറ്റല്‍ സർവേയുമായി ബന്ധപ്പെട്ട് മാർച്ച് 11ന് ഓണ്‍ലൈനായി നടക്കുന്ന ശില്പശാലയിലെ ബ്രോഷറില്‍ പ്രോട്ടോകോള്‍ ലംഘിച്ച് മേയറുടെ പേര് നല്‍കിയിരിക്കുന്നത് ഏറ്റവും അവസാനമാണെന്ന് ഇവർ ആരോപിച്ചു. സാധാരണ എം.എൽ.എക്ക് മുകളിലാണ് മേയറുടെ പേര് വെക്കേണ്ടത്. എന്നാല്‍, കണ്ണൂരിലെ എല്ലാ എം.എൽ.എമാരുടെയും പേര് നല്‍കിയതിന് ശേഷമാണ് മേയറുടെ പേര് നല്‍കിയത്. ഇത് ആദ്യത്തെ സംഭവമല്ലെന്ന് മേയര്‍ ഉള്‍പ്പെടെ മറ്റ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ രാഷ്ട്രീയ വേര്തിരിവാണെന്നാണ് ആരോപണം. അതേസമയം, ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിപാടിയുമായി ബന്ധപ്പെട്ട സംഘാടകരോട് ഇക്കാര്യം ശ്രദ്ധയില്‍പെടുത്തണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ കെ. സുകന്യ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ജാതിമത- രാഷ്ട്രീയ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് ഐക്യത്തിനും സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദേഹമെന്ന് യോഗം അനുസ്മരിച്ചു.
ഓരോ ഡിവിഷനിലും സമയബന്ധിതമായി തീര്‍ക്കേണ്ട വാർഷിക പദ്ധതികള്‍, കൂട്ടിച്ചേര്‍ക്കേണ്ടവ, ഒഴിവാക്കേണ്ടവ, പദ്ധതിക്ക് ആവശ്യമായ തുക എന്നിവ അതത് കൗൺസിലര്‍മാര്‍ ഉടൻ കോര്‍പറേഷനെ അറിയിക്കാൻ മേയർ നിർദേശം നൽകി. കോര്പറേഷന് പരിധിയിലെ കാലാവധി കഴിഞ്ഞ തെരുവ് വിളക്കുകള്‍ വേഗം നന്നാക്കുകയോ മാറ്റുകയോ ചെയ്യണമെന്ന് മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ. മുസ്ലിഹ് ആവശ്യപ്പെട്ടു. ഇതില്‍ അടിയന്തര തീരുമാനമെടുക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കി.
ഡെപ്യൂട്ടി മേയര്‍ കെ. ശബീന, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷമീമ, പി. ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്, ടി. രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.