ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തം അട്ടിമറി ആവർത്തിച്ച് മേയർ; പൊലീസിൽ പരാതി നൽകി
text_fieldsകണ്ണൂർ: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാധ്യത ആവർത്തിച്ച് കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ. മികച്ച രീതിയിൽപോകുന്ന മാലിന്യ നീക്കം തകിടം മറിക്കാനും അതുവഴി നഗരസഭയെ ഇകഴ്ത്തി കാണിക്കാനുമാണ് തീയിട്ടതെന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീയിട്ട സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനുവേണ്ടി ക്ലീൻ സിറ്റി മാനേജർ പി.പി. ബിജു ചക്കരക്കല്ല് പൊലീസിൽ പരാതിയും നൽകി. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യസംസ്കരണ യാർഡിലേക്ക് പോകുന്ന ഭാഗത്തെ മൂന്നിടത്ത് തീപിടിച്ചതിൽ ദുരൂഹതയുണ്ട്.
ഫോറൻസിക് വിദഗ്ധർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി പരിശോധിക്കണം. അഗ്നിശമന സേന വിഭാഗത്തിന്റെ ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി പ്രാഥമിക അന്വേഷണം നടത്തണമെന്നും വിഷയം സർക്കാരിൽ റിപ്പോർട്ട് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
മേയറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യക്കൂനക്ക് തീപിടിച്ചത്. പത്തുമണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീയണച്ചത്. കഴിഞ്ഞദിവസങ്ങളിൽ നല്ല മഴ ലഭിച്ച പ്രദേശത്ത് രാത്രിയിലുണ്ടായ തീപിടിത്തത്തിലാണ് അട്ടിമറി സാധ്യത ബലപ്പെടുന്നത്.
ബ്രഹ്മപുരം തീപിടിത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ അമ്പതോളം വിളക്കുകൾ സ്ഥാപിച്ചിരുന്നു. അഗ്നി ശമന ഉപകരണങ്ങളും സ്ഥാപിച്ചു. എന്നാൽ, തീപിടിത്തത്തിൽ അട്ടിമറി സാധ്യത കണ്ടെത്താൻ ഉപകരിക്കുന്ന കാമറകൾ ഒന്നും സ്ഥാപിച്ചിരുന്നില്ല. ഞായറാഴ്ചത്തെ തീപിടിത്തത്തോടെ കാമറകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.