ആറുവരി ദേശീയപാത 2025ൽ പൂർത്തിയാകും -മന്ത്രി റിയാസ്
text_fieldsമയ്യിൽ: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയപാതയുടെ നിർമാണം മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ 2025ഓടെ പൂർത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മയ്യില്‍-കാഞ്ഞിരോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് കിഫ്ബി വലിയ കുതിപ്പാണ് നൽകിയത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 412 പി.ഡബ്ല്യു.ഡി പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ 35 റോഡും നാല് പാലവും പൂർത്തിയായി. 111 പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന പ്രവൃത്തികൾ കാലതാമസം ഇല്ലാതെ പൂർത്തിയാക്കും. ജോലികൾക്ക് സമയപരിധി നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തളിപ്പറമ്പ്, കണ്ണൂർ നിയോജക മണ്ഡലത്തെ ബന്ധിപ്പിച്ച് മയ്യിൽ, കുറ്റ്യാട്ടൂർ, മുണ്ടേരി, കൂടാളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് 24.55 കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. മയ്യിൽ ടൗണിൽനിന്നും ആരംഭിച്ച് ചെറുവത്തലമൊട്ട വഴി മായൻമുക്കിൽ എത്തുന്ന റോഡിന് 9.7 കിലോമീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് ഭാഗത്തുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്താനുള്ള എളുപ്പവഴികളിൽ ഒന്നാണിത്. മന്ത്രി എം.വി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു. എം. ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ വിശിഷ്ടാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. റെജി (കുറ്റ്യാട്ടൂര്‍), കെ.കെ. റിഷ്ന (മയ്യില്‍), പി.കെ. ഷൈമ (കൂടാളി), ജില്ല പഞ്ചായത്ത് അംഗം എന്‍.വി. ശ്രീജിനി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുനീര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.