ഇന്ന് ലോക ഫോക് ലോർ ദിനം; മാധവിയുടെ തൃക്കൈക്കുട നിർമാണത്തിന് 57 വയസ്സ്
text_fieldsമയ്യിൽ: ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന തൃക്കൈക്കുട എന്ന ഓലക്കുടയുടെ നിർമാണരംഗത്ത് കയരളം ഒറപ്പടി സ്കൂളിന് സമീപത്തെ കെ.കെ. മാധവി 57 വർഷം പൂർത്തിയാക്കുന്നു.
അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുടകൾ നിർമിക്കുന്നത് കണ്ടാണ് മാധവിയും പാരമ്പര്യമായി തൃക്കൈക്കുട (ഓലക്കുട) നിർമാണരംഗത്തേക്ക് കടന്നത്. ഒറപ്പടി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സമയത്താണ് ഓലക്കുട നിർമാണത്തിന്റെ ബാലപാഠങ്ങൾ മാധവി പഠിച്ചുതുടങ്ങിയത്. ഇപ്പോൾ 68ാം വയസ്സിലും പാരമ്പര്യമായി ലഭിച്ച ഓലക്കുട നിർമാണം തുടരുന്നു.
മുൻകാലങ്ങളിൽ ആചാരക്കുട എന്നതിനു പുറമെ, സമ്പന്ന തറവാട്ടുവീടുകളിലുള്ളവർ ഓലക്കുടയും കന്നുകാലി പൂട്ടുന്നവർ തലക്കുടയും കർഷക തൊഴിലാളികൾ നാട്ടിക്കുടകളും ഉപയോഗിക്കുമായിരുന്നെങ്കിലും ഇന്ന് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനുമാണ് ഓലക്കുട ഉപയോഗിച്ചുവരുന്നത്.
ഓട, മുള, പനയോല തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഈ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മാധവി പറയുന്നു. പുതിയ തലമുറയിൽപെട്ടവർ ഈ രംഗത്തേക്ക് കടന്നുവരാൻ വേണ്ടി കേരള ഗണക കണിശ സഭ കണ്ണൂരിൽ സംഘടിപ്പിച്ച ഓലക്കുട നിർമാണ പരിശീലനക്കളരിയിൽ നിരവധി പേർക്ക് പഴമയുടെ പാരമ്പര്യകല പകർന്നുനൽകാനും മാധവിക്ക് സാധിച്ചു. 2019ൽ തൃശൂരിൽ നാട്ടുകലാകാരക്കൂട്ടം ‘നാട്ടുപച്ച’ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.
ഫോക് ലോർ ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച മലയാളത്തിലെ സഞ്ചരിക്കുന്ന തിയറ്റർ ഗ്രൂപ്പായ മയ്യിൽ അഥീന നാടക-നാട്ടറിവ് വീട് കെ.കെ. മാധവിയെ ആദരിക്കും. പരേതനായ സി. രാഘവനാണ് ഭർത്താവ്. കെ.കെ. സജേഷ്, കെ.കെ. നിമിഷ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.