ഏലപ്പീടിക ഗ്രാമത്തിലെ പുൽമേടിന് സാമൂഹികവിരുദ്ധർ തീയിട്ടു
text_fieldsകണിച്ചാർ: സഞ്ചാരികൾക്ക് കാഴ്ചയുടെ പറുദീസ ഒരുക്കുമ്പോഴും ഏലപ്പീടിക ഗ്രാമത്തിൽ സഞ്ചാരികൾ എന്ന വ്യാജേന എത്തുന്ന സാമൂഹികവിരുദ്ധർ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നു. സഞ്ചാരികളുടെ മനംകവരുന്ന പ്രദേശത്തെ പുൽമേടിന് ഒരാഴ്ചക്കിടയിൽ രണ്ടുതവണയാണ് സാമൂഹികവിരുദ്ധർ തീയിട്ടത്.
മലയോരത്ത് വിനോദസഞ്ചാരമേഖലയിൽ ഇടംപിടിച്ച കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക എന്ന ഗ്രാമം പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. നിത്യേന നിരവധി ആളുകളാണ് ഇവിടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒറ്റക്കും കുടുംബസമേതവും എത്തുന്നത്.
എന്നാൽ, സഞ്ചാരികൾ എന്ന വ്യാജേന എത്തുന്ന യുവാക്കൾ കഞ്ചാവും മയക്കുമരുന്നും മദ്യവും ഉപയോഗിക്കാൻ പറ്റിയ ഇടമാക്കി മാറ്റിയതോടെയാണ് പ്രദേശവാസികൾക്ക് തലവേദനയായി മാറിയത്. പ്രദേശത്തെ പുൽമേടിന് തീപിടിച്ചപ്പോൾ ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയ യുവാക്കളാണ് തീയിട്ടത് എന്നാണ് നാട്ടുകാർ പറയുന്നത്.
നിയമപാലകർക്ക് അത്ര പെട്ടെന്ന് എത്താൻ കഴിയാത്ത സ്ഥലമായതിനാലാണ് യുവാക്കൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ സ്ഥലം തിരഞ്ഞെടുക്കുന്നത്.
ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് പ്രദേശത്തെ ഏക്കർകണക്കിന് സ്ഥലം വാങ്ങി വൻകിടക്കാർ കൈവശം വെച്ചതും അവ കാടുപിടിച്ച് കിടക്കുന്നതും ഇത്തരക്കാർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന പലർക്കും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.