മേലെചൊവ്വ മേൽപാത ഒരാഴ്ചക്കകം ടെൻഡർ
text_fieldsകണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മേലെചൊവ്വയിൽ മേൽപ്പാതക്ക് ഒരാഴ്ചക്കുള്ളിൽ ടെൻഡറാവും. പദ്ധതി കിഫ്ബി അംഗീകരിച്ചിട്ട് നാലര മാസം കഴിയുമ്പോഴാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. ടെൻഡർ സംബന്ധിച്ച രേഖകൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ പരിശോധിച്ചുവരുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മേൽപാത നിർമിക്കുന്നത് സമർപ്പിച്ച പദ്ധതി കിഫ്ബി അംഗീകരിച്ചത്.
കണ്ണൂർ നഗരത്തിലെ വാഹന ത്തിരക്കിന്റെ പ്രഭവകേന്ദ്രമായ മേലെചൊവ്വയിൽ നേരത്തെ അടിപ്പാത നിർമിക്കാനാണ് തീരുമാനിച്ചത്. നഗരത്തിൽ മുഴുവൻ കുടിവെള്ളം വിതരണം ചെയ്യുന്ന മേലെചൊവ്വയിലെ കൂറ്റൻ ജലസംഭരണിയിൽനിന്നുള്ള പൈപ്പുകൾ ദേശീയപാതക്കടിയിലുണ്ട്. ഇവ തടസ്സമായതോടെയാണ് അടിപ്പാതക്ക് പകരം മേൽപാതയെന്ന തീരുമാനത്തിലെത്തിയത്. കിഫ്ബി പദ്ധതി അംഗീകരിച്ചിട്ടും ടെൻഡറാകാതെ നീണ്ടുപോകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒടുവിൽ നവകേരള സദസ്സ് കഴിഞ്ഞയുടൻ ടെൻഡറാകുമെന്നറിയിച്ചെങ്കിലും നടന്നില്ല. നിർമാണത്തിന്റെ ഭാഗമായി മേലെചൊവ്വയിൽ കെട്ടിടം പൊളി നേരത്തെ പൂർത്തിയാക്കിയിരുന്നു.
കുടിവെള്ളം മുട്ടുമെന്നായതോടെയാണ് ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ തുടങ്ങാനിരിക്കെ അടിപ്പാതക്ക് പകരം മേൽപാത നിർമിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് സർക്കാൻ അനുമതി നൽകിയത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി, വാട്ടർ അതോറിറ്റി അധികൃതർ കണ്ണൂരിലും തിരുവനന്തപുരത്തും ചർച്ച നടത്തിയാണ് പൈപ് ലൈൻ മാറ്റുന്നത് പ്രായോഗികമല്ലെന്ന് തീരുമാനിച്ചത്.
പഴശ്ശിയിൽനിന്ന് മേലെചൊവ്വയിലെ ജലസംഭരണിയിലേക്ക് ഗ്രാവിറ്റി ഫോഴ്സിൽ വരുന്ന പൈപ് ലൈനായതിനാൽ ഉയർച്ചയോ താഴ്ചയോ ഉണ്ടായാൽ പമ്പിങ്ങിനെ ബാധിക്കും.
കണ്ണൂർ -തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജംങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് നിർമാണം. 2016ലെ ബജറ്റിലാണ് മേലെചൊവ്വയിൽ അടിപ്പാത അനുവദിച്ചത്. നേരത്തെ അടിപ്പാതക്കായി പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 34.6 കോടി രൂപ ചെലവിൽ തന്നെ മേൽപാലവും പണിയാനാവും.
മേലെചൊവ്വ വഴി നഗരത്തിലെത്തുമ്പോൾ ഗതാഗതക്കുരുക്കിൽ കുടുങ്ങാത്തവരുണ്ടാകില്ല. കണ്ണൂരിൽനിന്ന് പോകുന്ന വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്കും വിമാനത്താവളത്തിലേക്കും മൈസൂരു ഭാഗത്തേക്കും തിരിഞ്ഞുപോകുന്ന കവലയാണിത്.
മേലെചൊവ്വയിൽ തുടങ്ങുന്ന കുരുക്ക് ചിലപ്പോൾ പുതിയതെരു വരെ നീളും. നേരത്തെ ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രാവർത്തികമല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. മേൽപാലം വരുന്നതോടെ നിലവിൽ തലശ്ശേരി, മട്ടന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് റോഡിൽ കുടുങ്ങാതെ നഗരത്തിലെത്താം. 52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളും 15.30 കോടി രൂപ ചെലവിലാണ് മേൽപാതക്കായി ഏറ്റെടുത്തത്.
‘‘മേലെചൊവ്വ മേൽപാത നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ്. രേഖകൾ പരിശോധിച്ചുവരികയാണ്.’’ -എ.എ. അബ്ദുൽ സലാം(ഡെപ്യൂട്ടി ജനറൽ മാനേജർ,റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.