കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നം: കൗൺസലിങ് സൗകര്യവുമായി ബാലാവകാശ കമീഷൻ
text_fieldsകണ്ണൂർ: കുട്ടികളിലെ മാനസിക, ശാരീരിക, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിൽ കൗൺസലിങ് സംവിധാനം ഒരുക്കാൻ നടപടി ആരംഭിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ അറിയിച്ചു. സർക്കാർ കൗൺസലർമാർക്കുപുറമെ ഐ.എം.എയുടെ സഹകരണവും ഇതിനായി ഉണ്ടാകുമെന്ന് കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കമീഷന്റെ വെബ്സൈറ്റ് വഴിയും ബോധവത്കരണ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്കൂളുകളെയും കമീഷൻ വെബ്സൈറ്റുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തനം. കോവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികളുടെ അവകാശത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനുമായി തദ്ദേശസ്ഥാപന വാർഡ് തലത്തിൽ ശിശു സംരക്ഷണ കമ്മിറ്റികൾ രൂപവത്കരിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചു.
ഡിസംബറോടെ ഇത് പൂർത്തിയാക്കും. ഈ സമിതികളുടെ നേതൃത്വത്തിൽ അതത് പ്രദേശത്ത് മുഴുവൻ കുട്ടികളുടെയും വിവര ശേഖരണം നടത്തും. പാർശ്വവത്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന വേണ്ടവരുമടക്കമുള്ള കുട്ടികളുടെ പ്രശ്നങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും വിവരശേഖരം പ്രയോജനപ്പെടും. കണ്ണൂരിൽ ലൈബ്രറി കൗൺസിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റ് മൈതാനിയിലെ പുസ്തകോത്സവ വേദിയിൽ 'മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം' എന്ന പേരിൽ കുട്ടികളുമായി സംവാദം ഒരുക്കിയിട്ടുണ്ട്. മജീഷ്യൻ മുതുകാടാണ് കുട്ടികളുമായി സംവദിക്കുക.
കോവിഡ് കാലം കുട്ടികളിൽ ഉണ്ടായിട്ടുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച് കമീഷൻ പഠനം നടത്തുകയും റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ജില്ലയെയും ബാലസൗഹൃദമാക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളും ബാലസൗഹൃദമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം എല്ലാ പദ്ധതികളും ബാലസൗഹൃദമാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അപകടകരമായ ഓൺലൈൻ ഗെയിമുകളും സമൂഹമാധ്യമ ഉപയോഗവും വൻഭീഷണിയായി വന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ ആദ്യം ബോധവത്കരണം ഉണ്ടാവേണ്ടത് രക്ഷിതാക്കളിലാണ്. പുതിയ സാങ്കേതിക വിദ്യകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ശേഷി ആർജിക്കുകയും അവ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുകയുമാണ് ആവശ്യം. ബോധവത്കണം തന്നെയാണ് അതിനുള്ള മാർഗമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.