ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ: പ്രാരംഭ പ്രവൃത്തി ആരംഭിച്ചു
text_fieldsഇരിട്ടി: ഏറെക്കാലത്തെ കാത്തിരിപ്പിനും ജനകീയ ആവശ്യങ്ങൾക്കുമൊടുവിൽ ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി. ഇരിട്ടിയിൽ താലൂക്ക് നിലവിൽവന്ന് പത്തു വർഷത്തോടടുത്തിട്ടും മിനി സിവിൽ സ്റ്റേഷൻ മരീചികയായി മാറുകയായിരുന്നു. റവന്യൂ ഓഫിസുകളുടെ നവീകരണത്തിന് സർക്കാർ അനുവദിച്ച 173 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ സർക്കാർ ഒരുവർഷം മുമ്പ് 20 കോടി അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉദ്ഘാടനത്തിനുള്ള നടപടി തുടങ്ങി.
18 കോടി രൂപക്ക് നിർമാണം ഏറ്റെടുത്ത കൽപറ്റ ആസ്ഥാനമായ ഹിൽട്രാക്ക് കമ്പനിയാണ് പ്രാരംഭ പ്രവൃത്തി ആരംഭിച്ചത്.
പയഞ്ചേരിയിൽ ഇരിട്ടി ബ്ലോക്ക് ഓഫിസിനുസമീപം റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഒരേക്കറിലധികം സ്ഥലത്ത് ചുറ്റുമതിലിന്റെയും കുഴൽക്കിണറിന്റെയും നിർമാണം ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം ചെയ്താൽ 18 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ.
60,000 സ്ക്വയർ ഫീറ്റിൽ അഞ്ചുനില കെട്ടിടമാണ് നിർമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച 11 താലൂക്കുകളിൽ പത്തിലും സിവിൽ സ്റ്റേഷൻ ആരംഭിച്ചിരിക്കെ മലയോര താലൂക്കായ ഇരിട്ടിക്ക് തുടക്കം മുതൽ അവഗണന നേരിടുകയായിരുന്നു. താലൂക്ക് ഉദ്ഘാടനം ചെയ്ത ഉടൻ അഞ്ചു നിലയിൽ 20 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി റവന്യൂ വിഭാഗം സർക്കാറിന് നൽകിയിരുന്നു. ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് അനുമതി വൈകിപ്പിച്ചു.
ഇരിട്ടി താലൂക്കിന്റെ ഭാഗമായ മട്ടന്നൂരിൽ സിവിൽ സ്റ്റേഷന് സർക്കാർ പണം വകയിരുത്തിയപ്പോൾ താലൂക്ക് ആസ്ഥാനമായ ഇരിട്ടിയെ അവഗണിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. മിനി സിവിൽ സ്റ്റേഷൻ പണിയാൻ നഗരത്തിൽത്തന്നെ, റവന്യൂ വകുപ്പിന്റെ സ്വന്തമായ ഒരേക്കർ സ്ഥലവുമുണ്ടെന്ന അനുകൂല ഘടകവും പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. ഇതിനൊടുവിലാണ് ഫണ്ട് അനുവദിച്ചുക്കൊണ്ട് സർക്കാർ ഉത്തരവായത്. ഇരിട്ടിയിൽ താലൂക്ക് ഓഫിസിനുപുറമെ താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓഫിസുകളും വാടകക്കെട്ടിടത്തിലാണ്. ജോയന്റ് ആർ.ടി.ഒ ഓഫിസും താലൂക്ക് സപ്ലൈ ഓഫിസും സബ് ട്രഷറിയുമെല്ലാം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിലാക്കുകയാണ് മിനി സിവിൽ സ്റ്റേഷൻ വന്നാൽ സാധ്യമാവുക. ഇരിട്ടിയിൽ താലൂക്ക് അനുബന്ധമായി വരേണ്ട ലീഗൽ മെട്രോളജിയും എക്സൈസ് സർക്കിൾ ഓഫിസും മട്ടന്നൂരിലേക്ക് മാറിപ്പോകാനുള്ള പ്രധാന കാരണവും സ്ഥലപരിമിതിയായിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണെങ്കിലും സിവിൽ സ്റ്റേഷന്റെ നിർമാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് മലയോര മേഖലക്ക് വലിയ നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.