മാഹിയിൽ വിതരണം ചെയ്ത ദേശീയപതാകകളിൽ 'പിശകെ'ന്ന്
text_fieldsമാഹി: സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ഉയർത്തുന്നതിനായി മാഹി മേഖലയിൽ വിതരണം ചെയ്ത ദേശീയപതാകകൾ പതാകനിയമം ലംഘിച്ചെന്ന് വ്യാപക പരാതി. പതാകയിൽ അശോകചക്രം മധ്യഭാഗത്ത് മുദ്രണം ചെയ്യുന്നതിനുപകരം തെറ്റായ ഭാഗത്താണുള്ളത്.
പതാകയിലുള്ള മൂന്നുനിറങ്ങളുടെയും അളവുകൾ ഒരുപോലെയല്ല. കങ്കുമനിറം മറ്റ് രണ്ട് നിറങ്ങളേക്കാൾ ചെറുതായി അനുപാതം പാലിക്കാതെയാണ് പതാകയിലുള്ളത്. ചില പതാകകളിൽ നിറങ്ങൾ പരസ്പരം കലർന്നതായും നാട്ടുകാർ പറഞ്ഞു. അശോക ചക്രത്തിന് ആവശ്യമായ വലുപ്പമില്ലെന്നും ചിലർ പറഞ്ഞു. നിലവാരം കുറഞ്ഞ പഴയ ചൈന സിൽക്ക് തുണിയിൽ നിർമിച്ച പതാക കെട്ടുന്നതിന് വളരെ ചെറിയ ദ്വാരമുണ്ടാക്കി വശം മടക്കി തയ്ച്ചിരിക്കുകയാണ്. സാധാരണ ദേശീയ പതാകയുടെ ഇടതുഭാഗത്ത് താഴെയും മുകളിലുമായി കെട്ടുന്നതിനുള്ള നാടയാണ് നൽകിയിരുന്നത്. മാസങ്ങളായി വേതനം ലഭിക്കാത്ത അംഗൻവാടി ജീവനക്കാരെയാണ് വിതരണത്തിനായി അധികൃതർ നിയോഗിച്ചിട്ടുള്ളത്.
നിലവാരം കുറഞ്ഞ തുണിയിൽ നിർമിച്ച ദേശീയപതാകയുമായി വിൽപനക്കായെത്തുന്ന അവരോട് സഹതാപം തോന്നിയാണ് പതാകക്ക് 20 രൂപ നൽകി വാങ്ങാൻ നിർബന്ധിതരാകുന്നതെന്ന് ചില വീട്ടുകാർ പറഞ്ഞു.
പുതുച്ചേരി സർവശിക്ഷ അഭിയാൻ സംസ്ഥാന തലത്തിൽ നടത്തുന്ന ഹർ ഘർ തിരംഗ പദ്ധതിയിൽ സ്വാതന്ത്ര്യസമര ചരിത്രത്തെയും ദേശീയപതാകയുടെ പ്രാധാന്യത്തെയുംകുറിച്ച് സ്കൂൾ വിദ്യാർഥികൾക്ക് അവബോധം നൽകുന്നുണ്ട്. മാസങ്ങൾക്ക് മുമ്പുതന്നെ ദേശീയപതാക തയാറാക്കാൻ തുടങ്ങിയ സംരംഭകർക്കും മാഹി ഭരണകൂടം കുറഞ്ഞ വിലക്ക് പതാക വിതരണം ചെയ്തത് ഇരുട്ടടിയുമായി. മാഹിയിലെ വിവിധ റസിഡൻറ്സ് അസോസിയേഷനുകളുടെയും പന്തക്കൽ ആശ്രയ വിമൻസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ 50 രൂപയും 100 രൂപയും വില നിശ്ചയിച്ച് പോളിസ്റ്റർ തുണിയിൽ തയാറാക്കിയ പതാകകൾ വാങ്ങാൻ ആവശ്യക്കാർ കുറഞ്ഞു.
പതാകയിലെ അപാകം സംബന്ധിച്ച് പ്രവാസിയും മയ്യഴിക്കൂട്ടം സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ജിനോസ് ബഷീർ റീജനൽ അഡ്മിനിസ്ട്രേറ്റർ, മാഹി നഗരസഭ എന്നിവിടങ്ങളിൽ പരാതി നൽകി. വിതരണം ചെയ്ത പതാകകൾ തിരിച്ചുവാങ്ങി അപാകതകളില്ലാത്ത പുതിയ ദേശീയപതാകകൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.