കടലിൽ കൈവിട്ട കളി
text_fieldsകണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുട്ടി മുങ്ങിമരിച്ച് മൂന്നാം ദിവസം വീണ്ടും രണ്ടുപേർ മുങ്ങിത്താഴ്ന്നത് പരിഭ്രാന്തി പരത്തി. എന്നാൽ, സുരക്ഷ ജീവനക്കാർ ഇരുവരെയും രക്ഷപ്പെടുത്തി. ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടുപേരെയാണ് ലൈഫ് ഗാർഡുമാരും കോസ്റ്റൽ വാർഡനും രക്ഷിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.45ഓടെ ത്രിപുര സ്വദേശികളായ ധർമേന്ദ്ര(20), റസ്റ്റോ ജോയ് റിയാങ് (24) എന്നിവരാണ്ക ടലിൽ വീണത്.
ഇതര സംസ്ഥാന തൊഴിലാളികളായ ഇരുവരും പയ്യാമ്പലം ബീച്ചിൽ നിർമാണത്തിലിരിക്കുന്ന പുലിമുട്ടിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതോടെ തിരമാലയിൽപെട്ട് ഒഴുകുന്നത് ബൈനോക്കുലറിലൂടെ കണ്ടയുടൻ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തുകയായിരുന്നു. ലൈഫ് ഗാർഡുമാരായ സനോജ്, ഡേവിഡ് ജോൺസൺ, കോസ്റ്റൽ വാർഡൻ മുഹമ്മദ് ഫമീസ് എന്നിവരാണ് ഇരുവരെയും രക്ഷിച്ചത്.
തീരദേശ സുരക്ഷപരിശോധനയുടെ ഭാഗമായുള്ള മോക്ഡ്രിൽ നടക്കുന്നതിനാലാണ് ഇരുവരും മുങ്ങുന്നത് ബൈനോക്കുലറിൽ കാണാനായത്. കോസ്റ്റ് ഗാർഡ്, നേവി, മറൈൻ എൻഫോഴ്സ്മെൻറ്, കസ്റ്റംസ്, കടലോര ജാഗ്രത സമിതി, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് പയ്യാമ്പലത്ത് മോക്ഡ്രിൽ നടത്തുന്നത്. ഇതിനിടെ പുലിമുട്ട് ഭാഗത്ത് രണ്ടുപേർ മുങ്ങിത്താഴുന്നത് കാണുകയും ഉടൻ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. കുറച്ചുദിനങ്ങളായി പയ്യാമ്പലം ബീച്ചിൽ കടൽ പ്രക്ഷുബ്ധമാണ്. കഴിഞ്ഞ ഞായറാഴ്ച കുടകിൽ നിന്നെത്തിയ സംഘത്തിലെ നാലു പേർ കടലിൽപ്പെടുകയും ഒരുകുട്ടി മരിക്കുകയും ചെയ്തിരുന്നു. ഇത് നടന്ന് മൂന്നു ദിവസത്തിനിടെയാണ് വീണ്ടും വൻ ദുരന്തത്തിനിടയാക്കിയ സംഭവം പയ്യാമ്പലത്ത് നടന്നത്.
ഇതിനിടെ ജില്ലയിലെ പ്രധാന ബീച്ചുകളായ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം, ചൂട്ടാട്, മൂൻകുന്ന് എന്നിവിടങ്ങളിൽ ആവശ്യത്തിന് ലൈഫ് ഗാർഡില്ലാത്തതും വലിയ തലവേദനായാകുന്നുണ്ട്. കൂടാതെ സുരക്ഷ മുന്നറിയിപ്പ് ബോർഡുകളും അനൗൺസ്മെന്റ് സിസ്റ്റം, സുരക്ഷ അലാറം, ടവർ വാച്ച്, രക്ഷാപ്രവർത്തനം നടത്താൻ ബോട്ട് തുടങ്ങിയവയും ബീച്ചുകളിൽ ഉടൻ സ്ഥാപിക്കേണ്ടതുണ്ട്.
ഈദാഘോഷം; ബീച്ചിലെത്തുന്നവർ സൂക്ഷിക്കണേ...
കുടുംബവുമൊത്ത് പെരുന്നാളാഘോഷിക്കാൻ നിരവധിയാളുകളാണ് ജില്ലയിലെ വിവിധ ബീച്ചുകളിൽ സായാഹ്നത്തിൽ എത്താറുള്ളത്. ഇത്തവണയും പെരുന്നാളിന് പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം, ചൂട്ടാട്, മൂൻകുന്ന് ബീച്ചുകളിൽ സഞ്ചാരികളെത്തുമെന്നുറപ്പാണ്. എന്നാൽ, കടലിലിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കടൽ പൊതുവേ കാണാൻ ശാന്തമാണെങ്കിലും രൗദ്രഭാവം കൈവരിക്കാൻ നിമിഷ നേരം മതി. ഏതുസമയവും പ്രക്ഷുബ്ധമാകാം. തീരത്തോട് ചേർന്ന ഭാഗങ്ങളിൽ മുഴുവൻ അപകട സാഹചര്യമാണ്. കാൽക്കീഴിലെ മണ്ണ് നഷ്ടപ്പെട്ട് ആഴത്തിൽപ്പെടാൻ സാധ്യതയുണ്ട്. ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ അവഗണിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.