വാനര വസൂരി; ജില്ല ആശുപത്രിയിലും ഐസൊലേഷൻ വാർഡ്
text_fieldsകണ്ണൂർ: വിദേശത്തുനിന്നെത്തിയ യുവാവിന് വാനര വസൂരി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൂടുതൽ ജാഗ്രത മുൻകരുതൽ. യുവാവ് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ഇതിനിടെ മുൻകരുതലിന്‍റെ ഭാഗമായി കണ്ണൂർ ജില്ല ആശുപത്രിയിലും ഐസൊലേഷൻ വാർഡ് സജ്ജമായി. സംസ്ഥാനത്ത് രണ്ടാമത്തെ വാനര വസൂരി കേസാണ് കണ്ണൂരിൽ റിപ്പോർട്ട് ചെയ്തത്.
ഇതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ വിദേശ യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കാൻ തുടങ്ങി. ഒപ്പം കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക ഹെൽപ് ഡെസ്ക് പ്രവർത്തനവും ആരംഭിച്ചു. ഇനിയും കേസുകൾ വരുകയാണെങ്കിൽ നേരിടാനാണ് ജില്ല ആശുപത്രിയിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ സഞ്ചാരികൾ എത്തുന്ന പശ്ചാത്തലത്തിലാണ് ജില്ലയിൽ കൂടുതൽ മുന്നൊരുക്കങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്. ഐസൊലേഷൻ വാർഡിനുപുറമെ രോഗികളെ പ്രവേശിപ്പിച്ചാൽ ആവശ്യമായ മരുന്നുകളും എത്തിച്ചിട്ടുണ്ടെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ അറിയിച്ചു. കൂടാതെ രോഗലക്ഷണമുള്ളവർ, സമ്പർക്ക പട്ടികയിലുള്ളവർ എന്നിവരുടെ സ്രവങ്ങൾ ശേഖരിക്കാനും പരിശോധനക്കയക്കാനുമുള്ള സജ്ജീകരണങ്ങളും ആശുപത്രിയിൽ തയാറായി.
ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായും സൂപ്രണ്ട് അറിയിച്ചു. വാനര വസൂരി ബാധിച്ച് യുവാവ് ചികിത്സയിലുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സന്ദർശനത്തിനെത്തിയ കേന്ദ്രസംഘം ജില്ല കലക്ടർ എസ്. ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.