വാനരക്കൂട്ടം വീട്ടിൽ കയറി നാശമുണ്ടാക്കി; ആത്മഹത്യ ഭീഷണിയുമായി കർഷകൻ
text_fieldsകേളകം: വാനരക്കൂട്ടത്തിന്റെ ആക്രമണപരമ്പരയിൽ ജീവിതം വഴിമുട്ടിയ കർഷകൻ ഒടുവിൽ പ്രശ്ന പരിഹാരത്തിന് ആത്മഹത്യ ഭീഷണി മുഴക്കി മണിക്കൂറുകളോളം അധികാരികളെ മുൾമുനയിലാക്കി.
വാനരക്കൂട്ടം വീടിനുള്ളിൽ നാശമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽ
വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. നൂറോളം വരുന്ന വാനരക്കൂട്ടം വീടിനുള്ളിൽ കടന്ന് വീട്ടുപകരണങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ, വസ്ത്രങ്ങൾ എല്ലാം നിരന്തരം തകർത്തു. വീട്ടിൽ അന്തിയുറങ്ങാനാവാത്ത അവസ്ഥയിൽ പ്രശ്ന പരിഹാരത്തിന് അധികൃതരുടെ സത്വര നടപടിക്കായി നടത്തിയ ആത്മഹത്യ ഭീഷണിയോടെ ചർച്ചക്കായി പഞ്ചായത്ത്, റവന്യൂ, വനം, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്റ്റാൻലി കയറി ആത്മഹത്യ ഭീഷണി മുഴക്കിയ മരച്ചുവട്ടിൽ കൂട്ടമായെത്തി. ഉന്നയിച്ച പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ പരിഹാരമുണ്ടാവുമെന്ന് ഉറപ്പുനൽകി.
ഒടുവിൽ ആത്മഹത്യ ഭീഷണിയുമായി മരത്തിനു മുകളിൽ മൂന്നര മണിക്കൂർ നിലയുറപ്പിച്ച കർഷകന്റെ സമരത്തിന് വിജയം. സ്റ്റാൻലിയുടെ ഭൂമിയിൽ വനംവകുപ്പ് സ്ഥാപിച്ച ജണ്ട പൊളിച്ചുനീക്കുമെന്നും ഇതിനായി റവന്യൂ, വനം സർവേ വിഭാഗം അളവ് നടത്തി തുടർനടപടി സ്വീകരിക്കുമെന്നും കുരങ്ങുശല്യം പരിഹരിച്ച്, നാശനഷ്ടത്തിന് ധനസഹായം നൽകുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് സ്റ്റാൻലി പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ, വാർഡ് അംഗം ജിമ്മി എബ്രഹാം എന്നിവർ ജില്ല കലക്ടർ ചന്ദ്രശേഖറിനെ അറിയിച്ചു.
തുടർനടപടികൾ ചർച്ചചെയ്യാൻ ദുരിതബാധിത കർഷകനായ സ്റ്റാൻലി, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെംബർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി തിങ്കളാഴ്ച കലക്ടർ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
വനം വകുപ്പ് കൃഷിയിടത്തിൽ സ്ഥാപിച്ച അനധികൃത ജണ്ട പൊളിച്ചുനീക്കാൻ വനം ഡിവിഷൻ, റേഞ്ച് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരമായതോടെ മൂന്നര മണിക്കൂർ നാടിനെ മുൾമുനയിൽ നിർത്തിയ ഒറ്റയാൾ പ്രതിഷേധത്തിന്റെ ഭാഗമായ ആത്മഹത്യ ഭീഷണി ഒഴിവായി. തുടർന്ന് പേരാവൂർ അഗ്നിരക്ഷാ വിഭാഗം സജ്ജമാക്കിയ കോണിയിറങ്ങി സ്റ്റാൻലി ആശ്വാസതീരമണഞ്ഞു. നൂറുകണക്കിന് നാട്ടുകാർ സ്ഥലത്തെത്തിയിരുന്നു. പ്ലാസ്റ്റിക് കന്നാസിൽ പെട്രോളും, കയറുമായാണ് മരമുകളിൽ കയറിയ കർഷകൻ ജീവിതം സമാധാനപൂർണമാക്കാൻ വാനരക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് വനംവകുപ്പ് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തിയത്.
വാനരക്കൂട്ടത്തിൽനിന്ന് വീടിന് സുരക്ഷയൊരുക്കാൻ ഏലപ്പീടിക വനസംരക്ഷണ സമിതിയുടെ ഫണ്ട് ചെലവിട്ട് വീടിന് ലോഹമറ നിർമിക്കുമെന്നും കർഷകന് അധികൃതർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.