കാലവർഷം: ഏകോപനം വിലയിരുത്തി മന്ത്രി
text_fieldsകണ്ണൂർ: കാലവർഷം ശക്തമായിരിക്കെ ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ എല്ലാ സർക്കാർ വകുപ്പുകളും ചേർന്ന് കരുതൽ, ജാഗ്രത നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ പരിശോധിക്കാനായി ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്ത് മന്ത്രി നിർദേശങ്ങൾ നൽകി. പകർച്ചപ്പനി പടരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പിനൊപ്പം ഇതര വകുപ്പുകളും ചേർന്ന് പ്രവർത്തിക്കണം. സ്കൂളുകളിലെയും ഹോട്ടലുകളിലെയും കുടിവെള്ള പരിശോധന കാര്യക്ഷമമായി തുടരാൻ ഭക്ഷ്യസുരക്ഷ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി. കഴിഞ്ഞ കാലവർഷക്കാലത്ത് വെള്ളം കയറിയതോ മണ്ണിടിച്ചിൽ ഉണ്ടായതോ ആയ സ്ഥലങ്ങളിൽനിന്ന് ആളുകളുടെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
ജില്ലയിലെ തീരമേഖലയിൽ ചിലയിടങ്ങളിൽ കടലേറ്റ ഭീഷണിയുള്ളതായി എം.എൽ.എമാരായ കെ.വി. സുമേഷ്, എം. വിജിൻ എന്നിവർ ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിനെ ആറായി തിരിച്ച് ഉപകരണങ്ങൾ നൽകിയതായി നിർമാണ കമ്പനിയായ വിശ്വസമുദ്ര അറിയിച്ചു. ദേശീയപാതയിൽ രണ്ട് റാപ്പിഡ് സംഘം പരിശോധന നടത്തി മെഷീൻ ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കുമെന്നും അറിയിച്ചു.
ചാല ബൈപാസ് ഭാഗത്ത് തോടിന്റെ വീതി 14 മീറ്ററിൽ നിന്ന് രണ്ടായി കുറച്ചത് വെള്ളം ഒഴുകിപോകുന്നതിന് തടസ്സമാകുമെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ഇവിടെ അടിയന്തര നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു.
ആശുപത്രികളിൽ രോഗികൾ നിറയുമ്പോൾ ഡോക്ടർമാരുടെ സ്ഥലംമാറ്റം കൂടി വന്നതിനാൽ പ്രതിസന്ധിയുള്ളതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു. ജില്ലയിൽ പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവും ആവശ്യമുള്ള ആശുപത്രികളിൽ അഡ്ഹോക് പൂളിൽനിന്ന് ഡോക്ടർമാരെ നിയമിക്കാൻ നിർദേശം നൽകിയതായി ഡി.എം.ഒ ഇൻ ചാർജ് ഡോ. എം.പി. ജീജ അറിയിച്ചു. ഡോക്ടർമാരുടെ ഒഴിവുകൾ പൂർണമായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മലയോര പ്രദേശങ്ങളിൽ കൊതുകുകളുടെ പ്രജനന ഉറവിടം ഇല്ലാതാക്കാനായി ഏഴ് റൗണ്ട് ഫോഗിങ് നടത്തി. റബർ പ്ലാന്റേഷൻ ഉടമകളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. എലിപ്പനി, എച്ച് വൺ എൻ വൺ, മഞ്ഞപ്പിത്തം, ഡയേറിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യോഗത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ, കമീഷണർ അജിത്ത് കുമാർ, എ.ഡി.എം കെ.കെ.ദിവാകരൻ, വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികൾ, താലൂക്ക് തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.