മോന്താലിൽ തണ്ണീർത്തടവും കണ്ടൽകാടും മണ്ണിട്ട് നികത്തുന്നത് തടഞ്ഞു
text_fieldsചൊക്ലി: മോന്താലിൽ തണ്ണീർത്തടവും കണ്ടൽകാടും മണ്ണിട്ട് നികത്തുന്നത് തടഞ്ഞു. മണ്ണിട്ട് നികത്തുന്നറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങത്തൂർ വില്ലേജ് ഓഫിസർ വിവേക്, സ്പെഷൽ വില്ലേജ് ഓഫിസർ ഉമ്മർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മണ്ണിട്ട് നികത്തുന്നത് തടഞ്ഞ് സ്റ്റോപ് മെമ്മോ നൽകിയത്.
പാനൂർ നഗരസഭ അതിർത്തി പ്രദേശമായ മോന്താൽ തീരദേശ റോഡിലെ കള്ളുഷാപ്പിന് സമീപത്തെ റി.സ 32/2 എ യിൽ ഉൾപ്പെട്ട സ്ഥലമാണ് പട്ടാപ്പകൽ മണ്ണിട്ട് നികത്തുന്നത് അധികൃതർ തടഞ്ഞത്. ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് തിങ്കളാഴ്ച സബ് കലക്ടർക്ക് നൽകുമെന്ന് വില്ലേജ് ഓഫിസർ വിവേക് ‘മാധ്യമ’ത്തോട് പറഞ്ഞു.
അഞ്ച് ഏക്കറോളം വരുന്ന സ്ഥലമാണ് റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രണ്ടുദിവസമായി അഞ്ച് ടിപ്പർ ലോറികളിലായി മണ്ണും മറ്റ് കെട്ടിടാവശിഷ്ടങ്ങളുമുപയോഗിച്ച് നികത്തുന്നതായി പരാതി ഉയർന്നത്. ഇവിടെ വലിയൊരു ഭാഗം കണ്ടൽക്കാടും വെള്ളക്കെട്ടുമാണ്. അഞ്ച് ഏക്കറിൽ 50 സെന്റ് സ്ഥലം തരംമാറ്റിയിട്ടുണ്ട്. ഈ ഉത്തരവിന്റെ മറവിലാണ് അഞ്ച് ഏക്കർ ഭൂമി മണ്ണിട്ട് നികത്തുന്നത്.
1,77,980 രൂപ അടച്ചാണ് 50 സെന്റ് ഭൂമി തരംമാറ്റി 3,000 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള കെട്ടിട നിർമാണ അനുമതി വാങ്ങിയത്. റവന്യൂ, കൃഷി വകുപ്പുകളുടെ പ്രാദേശിക സഹായത്തോടെയാണ് തണ്ണീർത്തടവും കണ്ടൽ കാടുമടങ്ങിയ ഭൂമി എളുപ്പത്തിൽ തരംമാറ്റിയത്.
കഴിഞ്ഞയാഴ്ച സ്ഥലത്ത് മണ്ണിടാനെത്തിയ ലോറി പ്രദേശത്തെ ഏതാനും പേർ ചേർന്ന് തടഞ്ഞിരുന്നു. ഇവരെ സാമ്പത്തിക ഇടപാടിലൂടെ ‘ഒതുക്കി’യതിന് ശേഷമാണ് വീണ്ടും അഞ്ച് ടിപ്പർ ലോറികളിലായി മണ്ണും കെട്ടിടമാലിന്യങ്ങളുമായെത്തി നികത്തിയതെന്ന് ആക്ഷേപമുണ്ട്. മോന്താൽ പുഴക്ക് 300 മീറ്ററോളം അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കണ്ടൽക്കാടുകളും തണ്ണീർതടങ്ങളും മണ്ണിട്ട് നികത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.