ലക്ഷദ്വീപിന്റെ സ്നേഹം മൂർക്കോത്ത് ഒപ്പംകൂട്ടി; 'ബിത്ര'യിലൂടെ
text_fieldsകണ്ണൂർ: ലക്ഷദ്വീപിനെയും ജനതയെയും നെഞ്ചോളം സ്നേഹിച്ചൊരു അഡ്മിനിസ്ട്രേറ്ററുണ്ടായിരുന്നു തലശ്ശേരിയിൽനിന്ന്. ദ്വീപിൽ നിന്ന് കപ്പൽനിറയെ ആ ജനതയുടെ സ്നേഹവും പേറിയായിരുന്നു മൂർക്കോത്ത് രാമുണ്ണിയെന്ന ദ്വീപിെൻറ ഭരണാധികാരി പിന്നീട് ജന്മനാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ആ സ്നേഹത്തിെൻറ അടയാളമായി അദ്ദേഹം സ്വന്തം വീടിന് 'ബിത്ര' എന്ന പേരിട്ടു. ലക്ഷദ്വീപിലെ ഒരു പ്രധാന ദ്വീപിെൻറ പേര് വീടിനിടാനുള്ളത്ര ആത്മബന്ധം ആ പ്രദേശത്തോട് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ചുരുക്കം. തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ അടുത്തകാലം വരെ ആ വീടുണ്ടായിരുന്നു, മൂർക്കോത്ത് രാമുണ്ണിയുടെ ഓർമകൾ നിറയുന്ന ആ വീട്. ലക്ഷദ്വീപിെൻറ നാലാമത്തെ അഡ്മിനിസ്ട്രേറ്ററായി 1961ലാണ് അദ്ദേഹം ചുമതലയേറ്റത്.
പ്രശസ്ത ചെറുകഥാകൃത്ത് മൂർക്കോത്ത് കുമാരെൻറ മകനാണ് മൂർക്കോത്ത് രാമുണ്ണി. അന്നത്തെ റോയൽ ഇന്ത്യൻ എയർഫോഴ്സിന്റെ (ഇന്നത്തെ ഇന്ത്യൻ എയർഫോഴ്സ്) ആദ്യ മലയാളി പൈലറ്റായിരുന്ന അദ്ദേഹം ജവഹർലാൽ നെഹ്റുവിെൻറ പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു. നെഹ്റുവിെൻറ ഈ സ്നേഹമാണ് മൂർക്കോത്ത് രാമുണ്ണിയെ ലക്ഷദ്വീപിെൻറ അഡ്മിനിസ്ട്രേറ്ററായി എത്തിച്ചത്. ദ്വീപ് നിവാസികളുടെ ജീവിതം മാറ്റിമറിച്ച തീരുമാനമായിരുന്നു നെഹ്റു അന്ന് കൈക്കൊണ്ടത്. രാമുണ്ണിയെ
ലക്ഷദ്വീപിലേക്കയക്കുമ്പോൾ നെഹ്റു പറഞ്ഞത് ഇങ്ങനെയായിരുന്നു-'300 വർഷത്തിനുള്ളിൽ ലഭിക്കാത്ത വികസനം മൂന്നുവർഷത്തിനുള്ളിൽ നടപ്പാക്കിവേണം
തിരിച്ചുവരാൻ. താങ്കളുടെ നേതൃത്വത്തിൽ ദ്വീപ് നിവാസികളുടെ സംരക്ഷണവും ഏറ്റെടുക്കണം'. നെഹ്റുവിെൻറ അഭിലാഷം അക്ഷരാർഥം നിറവേറ്റിയാണ് മൂർക്കോത്ത് തെൻറ ദൗത്യം നിറവേറ്റി നാട്ടിലേക്ക് തിരിച്ചത്. പുറത്തുനിന്നുള്ള ഒരാൾക്കുംതന്നെ ലക്ഷദ്വീപിലെത്തി ഭൂമി വാങ്ങിക്കാൻ കഴിയില്ലെന്ന നിർണായകമായ നിയമം പ്രാബല്യത്തിൽ വരുത്തിയത് അദ്ദേഹമായിരുന്നു.
പിന്നീട് ലക്ഷദ്വീപിെൻറ വികസനം സാധ്യമാക്കുന്ന നിരവധി പദ്ധതികളായിരുന്നു അദ്ദേഹം നടപ്പാക്കിയത്. ആ നാട്ടിലെ ജനങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താൻ അദ്ദേഹം പരിശ്രമിച്ചു. പിന്നാക്കം നിന്ന ദ്വീപിലെ ഒരുകൂട്ടം ജനതയെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് അദ്ദേഹം പാകിയ പദ്ധതികളിലൂടെയായിരുന്നു. വടക്കുകിഴക്കൻ ആദിവാസി മേഖലകളിലെ വികസനം സാധ്യമാക്കാൻ നെഹ്റു നേരിട്ട് തിരഞ്ഞെടുത്ത പത്തുപേരിൽ പ്രമുഖരിൽ ഒരാൾ രാമുണ്ണിയായിരുന്നു. ത്രിപുര, ഡാർജിലിങ്, ഷില്ലോങ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ പ്രധാന സ്ഥാനങ്ങൾ അലങ്കരിച്ച ശേഷമാണ് അദ്ദേഹം
ലക്ഷദ്വീപിലെത്തുന്നത്. മദ്രാസ് ഫ്ലൈയിങ് ക്ലബിൽ ചേർന്ന് ലൈസൻസ് നേടിയാണ് മൂർക്കോത്ത് കേരളത്തിലെ
ആദ്യ വ്യോമസേന പൈലറ്റായി മാറുന്നത്. പിന്നീട് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ ഇന്ത്യൻ വിമാനം പറത്തിയ ഏക പൈലറ്റും അദ്ദേഹമായിരുന്നു. 2009ൽ മരണപ്പെടുന്നതുവരെ മൂർക്കോത്ത്, ദ്വീപ് നിവാസികളുമായുള്ള ഊഷ്മള ബന്ധം നിലനിർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.